കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (22/11/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പ്രക്യതി ക്ഷോഭം – കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തില്‍ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം.
സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍ – 9447210314, ജില്ലാതല കണ്‍ട്രോള്‍ സെന്റർ കോഴിക്കോട്- 8547802323.

മദ്രസ്സ അധ്യാപക ക്ഷേമനിധി: സാങ്കേതിക തടസ്സം പരിഹരിച്ചു

മദ്രസ്സ അധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന സാങ്കേതിക തടസ്സം പരിഹരിച്ചതായി പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചതായി മദ്രസ്സ അധ്യാപക ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നവംബര്‍ 22 മുതല്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് പതിവ് പോലെ വിഹിതം അടവാക്കാം.

വനിത ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് തസ്തികയില്‍ താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം നവംബര്‍ 26 ന് രാവിലെ 11 മണിക്ക്. യോഗ്യത : എം.ബി.എ/ബി.ബി.എ അല്ലെങ്കില്‍ സോഷ്യാളജി /സോഷ്യല്‍ വെല്‍ഫയര്‍/ഇക്കണോമിക്‌സ് എന്നിവയൊന്നിലെ ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കൂടുതല്‍ വിവരത്തിന് : 0495 2373976

ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ടോണിക് അപ്ലയന്‍സസ്, എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡുകളില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഓരോ ഒഴിവുകളിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്‌റെ നിയമിക്കുന്നു. യോഗ്യത മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ടോണിക് അപ്ലയന്‍സസ് – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/ഇലക്ട്രോണിക്‌സ് എഞ്ചിനീയറില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ഇലക്ടോണിക്‌സ് ആന്‍ഡ് ക്മ്മ്യൂണികേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. എംപ്ലോയബിലിറ്റി സ്‌കില്‍ യോഗ്യത – എംബിഎ/ബിബിഎ/സോഷ്യോലജി, സോഷ്യല്‍ വെല്‍ഫയര്‍, ഇക്കണോമിക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇന്റര്‍വ്യൂ നവംബര്‍ 24 ന് രാവിലെ 11 മണിയ്ക്ക് ഗവ.ഐ.ടി.ഐ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യാഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ – 0495 2377016

ട്രസ്റ്റി നിയമനം

കോഴിക്കോട് താലൂക്കിലെ ആനയാംകുന്ന് ശ്രീകൃഷ്ണ പാര്‍ത്ഥസാരഥി ദേവസ്വത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ ആറിന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2374547.

കെല്‍ട്രോണില്‍ സീറ്റൊഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള വെബ് ഡിസൈനിങ്, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിങ് വിത്ത് ഇ ഗാഡ്‌ജെറ്റ്‌സ് ആന്‍ഡ് ലാപ്‌ടോപ്പ് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8590605275.

ഹോമിയോ മെഡിക്കല്‍ ആഫീസര്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലും ആശുപത്രികളിലുമുണ്ടാകുന്ന രണ്ടു മാസത്തെ താല്‍കാലിക ഒഴിവുകളിലേക്ക് മെഡിക്കല്‍ ആഫീസര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിഎച്ച്എംഎസ് പാസ്സായ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 30 ന് രാവിലെ 10.30-ന് കൂടിക്കാഴ്ചക്കായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ആഫീസില്‍ അസ്സല്‍ രേഖകളും ഹോളോഗ്രാം ഉളള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പരിചയ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0495 2371748.

പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ കോഴ്സ്

പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോക ബാങ്കിന്റെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ എന്ന കോഴ്‌സിലേക്ക് അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. കോഴിക്കോട് ജില്ലയില്‍ നിന്നും 18 നും 25 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായയുവതീ-യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീവഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ – മലപ്പുറം ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെഎസ്എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446397624, 9020643160, 9746938700.

വിത്തുകളും തൈകളും വില്പനയ്ക്ക് ഒരുങ്ങി

വേങ്ങേരിയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ അവോക്കാഡോ, മാതളം, പേര, പ്ലാവ്, മാവ്, ചാമ്പ, പാഷന്‍ ഫ്രുട്ട്, റംബൂട്ടാന്‍, സപ്പോട്ട എന്നീ ഫല വൃക്ഷ തൈകളും കറ്റാര്‍വാഴ, വേപ്പ്, കമുക്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുരുമുളക്, പൂച്ചെടികള്‍ എന്നിവയുടെ തൈകളും പച്ചക്കറി വിത്തുകള്‍, ചിപ്പിക്കൂണ്‍ വിത്തുകള്‍, ജൈവവളങ്ങള്‍, ജൈവനിയന്ത്രണ ഉപാധികള്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയും വില്പനയ്ക്ക് തയ്യാറായതായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2935850.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ എ ഇ ആന്റ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ പവര്‍ ഇലക്ട്രോണിക്‌സ് ലാബിലേക്ക് ഡിജിറ്റല്‍ മള്‍ട്ടി മീറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ മൂന്നിന് വൈകീട്ട് മൂന്ന് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

പ്ലസ്ടു, ഡിപ്ലോമ, ബിരുദം നേടിയവര്‍ക്ക് തൊഴിലവസരം

പ്ലസ്ടു, ഡിപ്ലോമ, ബിരുദം നേടിയവര്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം. നവംബര്‍ 25 ന് രാവിലെ 10 മണിക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഒഴിവുളള കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം/മൂന്ന് വര്‍ഷത്തെ ഡിപ്ലോമ), ഓട്ടോമൊബൈല്‍, റോബോട്ടിക്‌സ് സ്ഥാപനങ്ങളിലേക്ക് ഒഴിവുളള ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം/മൂന്ന് വര്‍ഷത്തെ ഡിപ്ലോമ), സ്‌പെയര്‍ പാര്‍ട്‌സ് അസിസ്റ്റന്റ്, വെയര്‍ഹൗസ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ഐ.ടി.ഐ/ ഡിപ്ലോമ), റോബോട്ടിക്‌സ് ട്രെയിനര്‍ (യോഗ്യത : ബി.ഇ/ബി.ടെക്/ബി.എസ്.സി) തസ്തിക കളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


സ്ത്രീശക്തീകരണം ലക്ഷ്യമാക്കി ‘സമം’ പദ്ധതിക്ക് ജില്ലയിൽ തുടക്കം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങൾക്കും അസമത്വ പ്രവണതകൾക്കും നേരേ സർഗാത്മകമായി പ്രതികരിച്ച് സമസ്തമണ്ഡലങ്ങളിലും സ്ത്രീപുരുഷസമത്വം, തുല്യനീതി എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും നടപ്പാക്കു ന്നതിനുമായി സാംസ്കാരിക വകുപ്പ് ആവിഷ്കരിച്ച ‘സമം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.

സർക്കാരിൻ്റെ നവോത്ഥാന പ്രക്രിയയുമായി ചേർന്നു നിൽക്കുന്നതാണ് സംസ്ഥാനത്തെ സ്ത്രീ പുരുഷ സമത്വമെന്ന് അദ്ദേഹം പറഞ്ഞു. തുല്യ പങ്കാളിത്തം, ലിംഗനീതി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ നേരത്തെ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും സമം പദ്ധതി നൂതനും വിപുലവുമായാണ് നടത്തുന്നത്.

ആശാൻ, ഉള്ളൂർ, വള്ളത്തോൾ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിന്താധാരകളുടെ കാലിക പ്രസക്തിയാണ് പദ്ധതിയിലൂടെ തെളിയുന്നത്. എല്ലാ പ്രായത്തിലുമുള്ള വനിതകൾക്കും അന്തസ്സായി ജീവിക്കാനുള്ള പ്രയത്നങ്ങളും ഇടപെടലുകളും നടത്തുന്നതിനുള്ള പദ്ധതി ഏറ്റെടുത്ത സാംസ്കാരിക വകുപ്പിനും ജില്ലയിൽ ഇത് നടപ്പാക്കുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും കൃതജ്ഞത അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

സമൂഹത്തിൽ യാഥാസ്ഥിതികമനോഭാവവും പുരുഷാധിപത്യപ്രവണതകളും വളർന്നുവരുന്ന സാഹചര്യത്തിലാണ് സ്ത്രീശക്തീകരണം ലക്ഷ്യമാക്കി സമം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സാംസ്കാരികവകുപ്പിന് കീഴിലുള്ള പ്രമുഖസാംസ്കാരിക സ്ഥാപനങ്ങളാണ് പതിനാല് ജില്ലകളിലും പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ലിംഗനീതിയും തുല്യപങ്കാളിത്തവും കുടുംബത്തിനകത്തും സമൂഹത്തിന്റെ വിവിധ മേഖലകളിലും സാധ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതാണ് പദ്ധതി.

സമം പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങൾ കോർപ്പ റേഷൻ, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടും ജില്ലയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾ, വിദ്യാ ഭ്യാസസ്ഥാപനങ്ങൾ, സംഘടനകൾ, സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ ലൈബ്രറി കൗൺസിൽ, കുടുംബശ്രീ തുടങ്ങിയവയുടെ പങ്കാളിത്തത്തോടും കൂടി ഏകോപിപ്പിക്കുന്നത് കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യപൂർണമായ കലാ – സാംസ്കാരിക – വിദ്യാഭ്യാസപരിപാടികളും സെമിനാർ – സംവാദങ്ങളുമാണ് മുഖ്യമായും സംഘടിപ്പിക്കുന്നത്.

എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയെ ചടങ്ങിൽ ആദരിച്ചു.

കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറും സമം പദ്ധതി ജില്ലാ കോഡിനേറ്ററുമായ എൻ.ജയകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ജില്ലാ ലൈബ്രറി കൗൺസിൽസെക്രട്ടറി കെ. ദിനേശൻ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡി.അസിസ്റ്റന്റ് എം.പി.ബീന,സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.സി.കവിത, കലാമണ്ഡലം ജൂബി തുടങ്ങിയവർ സംസാരിച്ചു.

‘സ്ത്രീയും ലിംഗനീതിയും’ എന്ന വിഷയത്തിൽ മലയാളം സർവകലാശാല അസ്സോ.പ്രൊഫസർ ഡോ. എം.ജി.മല്ലിക സെമിനാർ അവതരിപ്പിച്ചു.

വിവിധ കലാപരിപാടികളും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവവും അരങ്ങേറി.

പഴശ്ശിരാജ മ്യൂസിയവും കൃഷ്ണമേനോൻ മ്യൂസിയവും മന്ത്രി സന്ദർശിച്ചു

ജില്ലയിൽ പുരാവസ്തു വകുപ്പിനു കീഴിലുള്ള പഴശ്ശിരാജ മ്യൂസിയവും മ്യൂസിയം – മൃഗശാല വകുപ്പിനു കീഴിലുള്ള കൃഷ്ണമേനോൻ മ്യൂസിയവും ആർട്ട് ഗാലറിയും പുരാവസ്തു മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിച്ചു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പഴശ്ശിരാജ മ്യൂസിയം ചാർജ്ജ് ഓഫീസർ കൃഷ്ണരാജ്,
കൃഷ്ണമേനോൻ മ്യൂസിയം സൂപ്രണ്ട് പി.എസ്. പ്രിയ രാജൻ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

ജയില്‍ ദിനാഘോഷ പരിപാടികള്‍ തുടങ്ങി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ ജയിലിലെ ജയില്‍ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം. ജയിൽ ക്ഷേമ ദിനാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ജയിലുകളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലേതിന് സമാനമായ രീതിയിലേക്ക് നമ്മുടെ സംസ്ഥാനത്തെ ജയിലുകളും വളരുന്നു എന്നത് യാഥാര്‍ഥ്യമാണ്.
കുടുംബത്തിനും സമൂഹത്തിനും തന്നെക്കുറിച്ചുള്ള ധാരണ തിരുത്തികുറിക്കും എന്ന പ്രതിജ്ഞ ജയില്‍വാസകാലത്ത് ഓരോരുത്തരും എടുക്കണം. തടവുകാർ കൈത്തൊഴിലുകള്‍ പരിശീലിക്കുന്നതടക്കം എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. ലൈബ്രറികള്‍ ഉപയോഗപ്പെടുത്താം. മാനസിക പരിവര്‍ത്തനത്തിനുള്ള പ്രതിജ്ഞയുമായിട്ടായിരിക്കണം ഓരോരുത്തരും ജയിലില്‍ നിന്നു പുറത്തു പോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയില്‍ അന്തേവാസികളുടെ മാനസികോല്ലാസവും മന:പരിവര്‍ത്തനവും ലക്ഷ്യമാക്കിയാണ് സംസ്ഥാനത്തെ ജയിലുകളില്‍ ക്ഷേമദിനാഘോഷം സംഘടിപ്പിക്കുന്നത്. അന്തേവാസികള്‍ക്കായി കഥ-കവിതാ രചന, ഗാനാലാപനം, ചെസ്, കാരംസ് തുടങ്ങിയ മത്സരങ്ങള്‍, വിവിധ തലങ്ങളിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ആഘോഷപരിപാടികള്‍ ഡിസംബര്‍ രണ്ടിന് സമാപിക്കും.

ഉത്തരമേഖല പ്രിസണ്‍സ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എം.കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല റീജിണല്‍ വെല്‍ഫയര്‍ ഓഫീസര്‍ കെ.വി.മുകേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ.നാസര്‍, ജില്ലാ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് എ.കെ. സുരേഷ്, ഉത്തരമേഖല കെജെഎസ്ഒഎ സെക്രട്ടറി രാജീവൻ കൊട്ടയോടൻ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍.ശരത്ത് സ്വാഗതവും വെല്‍ഫയര്‍ ഓഫീസര്‍ ടി.രാജേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

കോവിഡ് നിയമലംഘനം: 55 കേസുകൾ രജിസ്റ്റർ ചെയ്തു

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 55 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് റൂറലിൽ 27 കേസുകളും നഗര പരിധിയിൽ 23 കേസുകളും രജിസ്റ്റർ ചെയ്തു.

കോവിഡ് ആശുപത്രികളിൽ 1,876 കിടക്കകൾ ഒഴിവ്

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,641 കിടക്കകളിൽ 1,876 എണ്ണം ഒഴിവുണ്ട്. 121 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 552 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 335 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 277 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

നാല് സി.എഫ്.എൽ.ടി.സികളിലായി 319 കിടക്കകളിൽ 315 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 193 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.

കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ രണ്ട് കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം 21850 രൂപ. യോഗ്യത -അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കിലോ, സൈക്കോളജിയിലോ ഉള്ള റഗുലര്‍ ബിരുദം/ ബിരുദാനന്തര ബിരുദം, കൗണ്‍സിലര്‍ രംഗത്തെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥിക്ക് 40 വയസ് കവിയരുത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പൂര്‍ണ്ണമായ ബയോഡാറ്റ, വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷ സഹിതം ഡിസംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, രണ്ടാം നില, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് 673520 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. ഫോണ്‍ -0495 2398920.

ക്വട്ടേഷന്‍/ലേല പരസ്യം

കേരളാ റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍, കോഴിക്കോട് വയനാട് പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിന്റെ അധികാര പരിധിയില്‍പെട്ട വലിയപാലം ബ്രിഡ്ജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റേണ്ടുന്ന RFB/4A, 4B,4C,4D,4E,54,5B,5C,64,6B,
6C,7,8A,8B,8C,8D,PWD/G3,G4,65 എന്നീ നമ്പറിട്ട കെട്ടിടങ്ങളുടെ ലേലം പ്രസ്തുത പാലത്തിനായി ഏറ്റെടുത്ത കെട്ടിടങ്ങളുടെ പരിസരത്ത് നവംബര്‍ 29 ന് 11 മണിക്കും, അന്നേ ദിവസം ലേലം ഉറപ്പിക്കാത്ത പക്ഷം പുനര്‍ലേലം ഡിസംബര്‍ ആറിന് പകല്‍ 11 മണിക്കും നടത്തും. ആദ്യ പുനര്‍ലേലം ഉറപ്പിക്കാത്ത പക്ഷം വീണ്ടും പുനര്‍ലേലം ഡിസംബര്‍ 13 ന് പകല്‍ 11 മണിക്ക് നടത്തുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സബ് ട്രഷറി കെട്ടിടോദ്ഘാടനം

കേരളത്തിലെ എറ്റവും പഴയ ട്രഷറികളിലൊന്നായ കോഴിക്കോട് പുതിയ സബ് ട്രഷറി കെട്ടിടം ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 23) രാവിലെ 9.30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, മേയര്‍ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

ഓഫീസ് സ്ഥലം വാടകയ്ക്ക്

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ജില്ലയിലെ ചക്കോരത്ത്കുളം ഓഫീസ് കോംപ്ലക്സിന്റെ മൂന്നാം നിലയില്‍ ഒഴിവുളള ഓഫീസ് സ്ഥലം (928.73 ചതുരശ്ര അടി) വാടകയ്ക്ക് നല്‍കുന്നു. താല്‍പര്യമുളളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495 2369545.

രേഖകള്‍ ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള, വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ‘ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 25 നകം ഹാജരാക്കണം.
സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ് പി.ഒ, എരഞ്ഞിപ്പാലം, കോഴിക്കോട്-673006 എന്ന വിലാസത്തില്‍ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:0495-2360720.

തൂണേരി ഹെൽത്ത് ആൻ്റ് വെൽനെസ് പ്രഖ്യാപനവും ഔഷധസസ്യ ഉദ്യാന ഉദ്ഘാടനവും നടത്തി

തൂണേരി ഗവ. ഹോമിയോ ഡിസ്പൻസറി ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ആയുള്ള പ്രഖ്യാപനവും ഔഷധസസ്യ ഉദ്യാനത്തിൻ്റെ ഉദ്ഘാടനവും ഇ.കെ. വിജയൻ എംഎൽഎ ഡിസ്പെൻസറി അങ്കണത്തിൽ നിർവ്വഹിച്ചു. ഹരിത കേരളം മിഷൻ്റെ സഹകരണത്തോടെയാണ് ഔഷധ ഉദ്യാനം ഒരുക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന അധ്യക്ഷയായി. ഡി പി എം അനീന പി ത്യാഗരാജ് പദ്ധതി വിശദീകരിച്ചു. ഡിഎംഒ ഡോ.കവിത പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ പി.പ്രകാശ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു മോഹനൻ , വാർഡു മെമ്പർ ടി.എൻ.രഞ്ജിത്ത്, ഡോ.സൗമ്യവതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർപങ്കെടുത്തു.

ഊരുവിലക്ക് പരിഷ്കൃത സമൂഹത്തിന് അപമാനം – വനിത കമ്മീഷൻ

ഊരുവിലക്ക് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് വനിത കമ്മിഷൻ. ഒഞ്ചിയം സ്വദേശിനി ഊരുവിലക്ക് നേരിടുന്നതുമായി ബന്ധപ്പെട്ട പരാതി വനിതാ കമ്മീഷൻ അദാലത്തിൽ കമ്മിഷൻ പരിഗണിച്ചു. പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത ഇത്തരം പ്രവണതകൾ ഉണ്ടങ്കിൽ അത് അപമാനകരമാണെന്നും അംഗീകരിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അംഗം എം.എസ്.താര പറഞ്ഞു.

കലക്ടർക്കും ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറിക്കും ചോമ്പാൽ പോലീസ് സ്റ്റേഷനിലും ഊരുവിലക്കുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഇതിൻ്റെ നിജസ്ഥിതി മനസിലാക്കാൻ ഇവരുടെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം ലഭ്യമാക്കാനും റിപ്പോർട്ട് ലഭ്യമായ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അംഗം പറഞ്ഞു.

കുടുംബ പ്രശ്നങ്ങൾ കൂടി വരികയാണ്. സഹിഷ്ണുത നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കുടുംബ ബന്ധങ്ങൾ മാറുകയാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. കുടുംബ പ്രശ്നങ്ങളുടെ അടിസ്ഥാന വിഷയമായി സാമ്പത്തികം മാറുന്ന നിലയാണ്. വിട്ടുവീഴ്ച മനോഭാവം കുറയുകയും നിസാര പ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്യുന്ന പ്രവണതയാണ് പുതിയ തലമുറയിൽ കാണുന്നത്. സ്നേഹവും പരസ്പര വിശ്വാസവും ബഹുമാനവും ദാമ്പത്യ ബന്ധത്തിൻ്റെ അടിത്തറയായി വർത്തിക്കണം. പരിഹരിക്കപ്പെടാവുന്ന വിഷയങ്ങൾ പോലും ദമ്പതികൾ വിട്ടുവീഴ്ച ചെയ്യാത്തത് കാരണം സങ്കീർണമാവുന്നുണ്ട്. അവരുടെ കുട്ടികളാണ് അതുവഴി കഷ്ടപ്പെടുന്നതെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. കുടുംബ കലഹം, ദാമ്പത്യപ്രശ്നം, സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ, തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങൾ തുടങ്ങിയ കേസുകളും പരിഗണനക്കെത്തി.

കമ്മീഷൻ അംഗം എം.എസ്.താരയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ അഡ്വക്കറ്റ്മാരായ മുഹമ്മദ് ഫിർദൗസ്, രജനി, ഷീല, മിനി തുടങ്ങിയവരും പങ്കെടുത്തു.

വിത്തുകളും തൈകളും വില്പനയ്ക്ക് ഒരുങ്ങി

വേങ്ങേരി കാർഷിക വിജ്ഞാന വിപണന കേന്ദ്രം അവോക്കാഡോ, മാതളം, പേര, പ്ലാവ്, മാവ്, ചാമ്പ, പാഷൻ ഫ്രുട്ട്, റംബൂട്ടാൻ, സപ്പോട്ട എന്നീ ഫല വൃക്ഷ തൈകളും, കറ്റാർവാഴ, വേപ്പ്, കമുക്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുരുമുളക്‌, പൂച്ചെടികൾ എന്നിവയുടെ തൈകളും, പച്ചക്കറി വിത്തുകൾ, ചിപ്പിക്കൂൺ വിത്തുകൾ, ജൈവവളങ്ങൾ, ജൈവനിയന്ത്രണ ഉപാധികൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയും വില്പനയ്ക്ക് തയ്യാറാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ വിളിക്കുക. -04952935850.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.