കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/11/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ക്വട്ടേഷന്‍ ക്ഷണിച്ചു

വേങ്ങരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും കോള്‍ഡ് സ്‌റ്റോറേജുകളും 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് സ്വീകരിക്കുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 23ന് രാവിലെ 11 മണി വരെ സ്വീകരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ആവശ്യത്തിലേക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ഉപയോഗിക്കുന്നതിന് 2016 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷന്‍ ഉളള എയര്‍കണ്ടിഷന്‍ ചെയ്ത ടാക്സി പെര്‍മിറ്റുളള ബൊലേറോ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നേരിട്ടും തപാല്‍/സപീഡ് പോസ്റ്റ് മുഖേനയും ക്വട്ടേഷന്‍ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 22 വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2992620, 9745358378, 8129166086.

സ്ഥലം വാടകയ്ക്ക്

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോഴിക്കോട് ജില്ലയിലെ ചക്കോരത്തുകുളം ഓഫീസ് കോംപ്ലക്സിന്റെ മൂന്നാം നിലയില്‍ ഒഴിവുളള 928.73 ചതുരശ്ര അടി ഓഫീസ് സ്ഥലം വാടകയ്ക്ക് നല്‍കുന്നു. താല്‍പര്യമുളളവര്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോഴിക്കോട് ചക്കോരത്തുകുളത്തുളള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ക്ക് 0495 2369545.

ഡിഎല്‍.എഡ് കോഴ്സ് പ്രവേശനം

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍.എഡ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് മെറിറ്റ്, മാനേജ്മെന്റ്, ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ടകളില്‍ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിന്റെയും അപേക്ഷാ ഫോമിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ www.education.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ തപാല്‍ മാര്‍ഗമോ നേരിട്ടോ നവംബര്‍ 23ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.

ഗസ്റ്റ് അധ്യാപക നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈയ്ഡ് സയന്‍സ് വിഭാഗത്തില്‍ ഗണിത ശാസ്ത്രം, ഭൗതിക ശാസ്ത്രം വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുളള അഭിമുഖം നവംബര്‍ 15 (ഗണിതശാസ്ത്രം), 16 (ഭൗതിക ശാസ്ത്രം) തീയ്യതികളില്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. സമയം രാവിലെ 10 മണി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുജിസിയും കേരള പിഎസ് സിയും നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://geckkd.ac.in , 0495 2383220.

ഗ്രാമീണ ഗവേഷക സംഗമം നാളെ

ഗ്രാമീണമേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന ഗ്രാമീണ ഗവേഷക സംഗമം നാളെ (നവംബര്‍ 11) മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ബീച്ച് കാമ്പസ്സിലുള്ള സയന്‍സ് സെന്ററില്‍ നടക്കും. രാവിലെ 10 മണിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് പ്രൊഫസര്‍ ഓം കുമാര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദര്‍ശനം സാംസ്‌കാരികവേദി സെക്രട്ടറി എം.എ.ജോണ്‍സന്‍ ആശംസകള്‍ അര്‍പ്പിക്കും.

ഗ്രാമീണ ഗവേഷകരെയും സാങ്കേതികവിദഗ്ധരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും മറ്റ് ശാസ്ത്രസാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കോവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കോഴിക്കോട്, വയനാട് ജില്ലകളിലെ ഗ്രാമീണഗവേഷകരുടെ കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും മത്സരവുമായിരിക്കും കോഴിക്കോട് ബീച്ചിലുള്ള സയന്‍സ് സെന്ററില്‍ നടക്കുക. തിരഞ്ഞെടുക്കപ്പെട്ട 8 കണ്ടുപിടുത്തങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന കണ്ടുപിടുത്തങ്ങള്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

ഓവര്‍സിയര്‍ ഒഴിവ്

റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാതാ വികസന പദ്ധതിയുടെ എരഞ്ഞിപ്പാലം ഓഫീസിലേക്ക് ഓവര്‍സിയര്‍ തസ്തികയില്‍ ഗവ. സര്‍വ്വീസില്‍ നിന്നും വിരമിച്ച രണ്ടു പേരെ ദിവസവേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. അപേക്ഷ പ്രോജക്ട് മാനേജര്‍, കേരളാ റോഡ് ഫണ്ട് ബോര്‍ഡ്, 5/1104, സദനം റോഡ് എറഞ്ഞിപ്പാലം 673020 എന്ന വിലാസത്തില്‍ 10 ദിവസത്തിനകം സമര്‍പ്പിക്കണം. ഫോണ്‍ : 0495 2379323.

വ്യാവസായിക പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ വ്യാവസായിക പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ എക്സിബിഷനില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു വില്പന നടത്താന്‍ താല്പര്യമുളള കോഴിക്കോട് ജില്ലയിലെ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ നവംബര്‍ 27 നകം കോഴിക്കോട് ഗാന്ധി റോഡിലെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2765770, 2766563.

ഓംബുഡ്സ് പേഴ്സണായി വി.പി. സുകുമാരന്‍ ചുമതലയേറ്റു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോഴിക്കോട് ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓംബുഡ്സ് പേഴ്സണായി വി.പി. സുകുമാരന്‍ ചുമതലയേറ്റു. സിവില്‍ സ്റ്റേഷന്‍, നാലാം നില സി ബ്ലോക്കില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തോടനുബന്ധിച്ചാണ് ഓബുഡ്സ് പേഴ്സണ്‍ന്റെ ആഫീസ് പ്രവര്‍ത്തിക്കുക. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ ഓംബുഡ്സ് പേഴ്സണ്‍ന്റെ ombudsmanmgnregskkd@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ സിവില്‍ സ്റ്റേഷനിലെ ഓംബുഡ്സ് പേഴ്സണ്‍ന്റെ ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കാമെന്ന് ജോയിന്റെ ഡെവലപ്മെന്റ് കമ്മീഷണര്‍ അറിയിച്ചു.

വി.പി. സുകുമാരന്‍

ഡിഗ്രി സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ടോണിക്സില്‍ ഇ.ഡബ്ല്യൂ.എസ്, എസ്സി, എസ് ടി കാറ്റഗറിയിലും ബി.എ ഇംഗ്ലീഷ്, ബിബിഎ, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിഎ വകുപ്പുകളില്‍ എസ്ടി കാറ്റഗറിയിലും ഒഴിവുകള്‍ ഉണ്ട്. താല്പര്യമുളളവര്‍ നവംബര്‍ 15ന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് gctanur.ac.in .

വാസ്തു വിദ്യാഗുരുകുലം : സ്പോട്ട് അഡ്മിഷന്‍ 30വരെ

വാസ്തു വിദ്യാഗുരുകുലത്തിലെ വിവിധ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളില്‍ നവംബര്‍ 30വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ളവര്‍ നവംബര്‍ 30നകം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളുമായി ഗുരുകുലം ഓഫീസില്‍ ഹാജരാകണമെന്ന് കോഴ്സ് കോഡിനേറ്റര്‍ അറിയിച്ചു.

ഒഴിവുകള്‍: പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) ആകെസീറ്റ് 25, അദ്ധ്യയന മാധ്യമം മലയാളം, പ്രവേശന യോഗ്യത ബിടെക് -സിവില്‍ എന്‍ജീനിയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം, അപേക്ഷ ഫീസ് 200/-രൂപ. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം ) പ്രായപരിധി 35 വയസ്സ്, യോഗ്യത എസ്.എസ്.എല്‍.സി, ആകെ സീറ്റ് 40 (50% വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു), അദ്ധ്യയന മാധ്യമം മലയാളം, അപേക്ഷ ഫീസ് 100/-രൂപ. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ് – പ്രായപരിധി ഇല്ല, യോഗ്യത എസ്. എസ്.എല്‍.സി, ആകെസീറ്റ് 25, അപേക്ഷ ഫീസ് 200/-രൂപ.

‘മെല്യോറൈസ്- റ്റു മേക് ബെറ്റര്‍’ പ്രകാശനം ചെയ്തു

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിയ നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷന്‍ ‘മെല്യോറൈസ്- റ്റു മേക് ബെറ്റര്‍’ ജില്ലാ കലക്റ്റര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
കോവിഡ്, നിപ്പ, പ്രളയം തുടങ്ങിയ പ്രതിസന്ധികളിലും ജില്ലയിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങളിലും നടപ്പാക്കിയ നൂതനപദ്ധതികളുടെ വിശദ ലേഖനങ്ങളാണു ഡോക്യുമെന്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കോവിഡ് ജാഗ്രത പോര്‍ട്ടല്‍, ടെലി ഐസിയു, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ഓക്സിജന്‍ പോര്‍ട്ടല്‍, ബീച്ച് ആശുപത്രി നവീകരണം, ഓപ്പറേഷന്‍ നവജീവന്‍, നിപ്പ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് മാനേജ്മെന്റ് ആന്റ് കമ്മ്യൂണിക്കേഷന്‍ സോഫ്റ്റ്വെയര്‍, മറ്റ് പദ്ധതികളായ മാതൃയാനം, ക്വാളിറ്റി പഠനം , മുലപ്പാല്‍ ബാങ്ക്, എന്നിവയെ കുറിച്ചുള്ള ലേഖനങ്ങങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി , എന്‍.എച്ച്.എം കണ്‍സല്‍ട്ടന്റ് സി.ദിവ്യ എന്നിവര്‍ പങ്കെടുത്തു.

ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി

പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന പയ്യടിമീത്തല്‍ ഗവ.എല്‍.പി. സ്‌കൂളില്‍ ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി. സ്‌കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോള്‍ ചില മുട്ടകളില്‍ പിങ്ക് നിറം കണ്ടു. മുട്ടയുടെ വെള്ള അല്പം കലങ്ങിയതായും കാണപ്പെട്ടു. ആശങ്ക തോന്നിയതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ ടീച്ചര്‍ നൂണ്‍മീല്‍ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു. പിങ്ക് നിറത്തിലുള്ള മുട്ടകള്‍ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുവാനാണ് പ്രാഥമികമായി ടീച്ചര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ കൃത്യസമയത്ത് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. ഇത്തരത്തില്‍ സുഡോമോണാസ് ബാധിച്ച കോഴിമുട്ടകള്‍ ഒരുമിച്ച് വേവിക്കുമ്പോള്‍ മുട്ടയുടെ വിണ്ടുകീറിയ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന കാര്യം അദ്ദേഹം ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തി ഈ മുട്ടകളുടെ സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ ഉപയോഗത്തിനായി നല്‍കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഈ മുട്ടകള്‍ നശിപ്പിച്ചു കളയാന്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസറായ ഡോ.രഞ്ജിത് പി. ഗോപിയാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ ബോധവാന്‍മാരാകണം: കെ.ബൈജു നാഥ്

സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ ബോധവാന്‍മാരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെയുള്ള പോരാട്ടം മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനമായി കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്. ഓഫീസ് തലവന്‍മാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. പൊതുജനങ്ങളോട് ഇടപെടുമ്പോള്‍ ബഹുമാനവും പരിഗണനയും ജീവനക്കാര്‍ നല്‍കണം. മനുഷ്യന്റെ ജീവന്‍, സ്വാതന്ത്ര്യം, സമത്വം, അന്തസ് ഇവയെ ബാധിക്കുന്ന എല്ലാം മനുഷ്യാവകാശ ലംഘനമാണ്.
നല്ല ഭക്ഷണം, വായു, ജലം, റോഡ്, വിദ്യാഭ്യാസം തുടങ്ങി എല്ലാം മനുഷ്യവകാശത്തില്‍ ഉള്‍പ്പെടുന്നതാണ്.

കരുണയുള്ള കണ്ണിലൂടെ എല്ലാവരെയും കാണാന്‍ കഴിയണം. പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ വിലയാണ് ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്ന ശമ്പളമെന്ന ബോധം എന്നുമുണ്ടാവുകയും ഉദ്യോഗസ്ഥന്റെ വാക്കിലും നോട്ടത്തിലും കേള്‍വിയിലും നന്‍മ സൃഷ്ടിക്കപ്പെടുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രാധാന്യവും നടപടി ക്രമങ്ങളും ഉദ്യോഗസ്ഥ തലത്തില്‍ എത്തിക്കാന്‍ പരിശ്രമിച്ച കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡിയെ അദ്ദേഹം അഭിനന്ദിച്ചു.

കേരളത്തിലെ ഉദ്യോഗസ്ഥര്‍ ജനകീയമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ സംരക്ഷണമെന്നത് താഴെ തട്ടിലുള്ള ജനങ്ങളിലും എത്തണമെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.എം സി.മുഹമ്മദ് റഫീഖ്, സബ് കലക്ടര്‍ വി.ചെല്‍സാ സിനി, ഡിസിപി സ്വപ്നില്‍ എം മഹാജന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റ്യന്‍, ഇ.അനിതകുമാരി, വടകര ആര്‍ഡിഒ സി.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.