കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25-10-2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കോവിഡ് നിയമലംഘനം 78 കേസുകൾ രജിസ്റ്റർ ചെയ്തു

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 78 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ 12 കേസെടുത്തു. നഗര പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 35 കേസുകളും റൂറലിൽ 31 കേസുകളുമെടുത്തു.

എന്‍ട്രന്‍സ് ധനസഹായം

വിമുക്തഭടന്മാരുടെ മക്കളില്‍ 2021-22 വര്‍ഷം എന്‍ട്രന്‍സ് പരിശീലനം നേടിയവര്‍ക്ക് ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നവംബര്‍ 20 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷ നവംബര്‍ 25 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്മാരുടെ മക്കളില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/വൊക്കേഷണല്‍/ടെക്നിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് സൈനിക ക്ഷേമ വകുപ്പിന്റെ അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും 2021-22 വര്‍ഷത്തേക്കുളള അമാല്‍ഗമേറ്റെഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നവംബര്‍ 20 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കിയവരെ പരിഗണിക്കില്ല. അപേക്ഷ നവംബര്‍ 25ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

എന്യൂമറേറ്റര്‍ നിയമനം- വാക് ഇന്‍ ഇന്റര്‍വ്യൂ 30ന്

മറൈന്‍ ഡാറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി എന്യൂമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് വെസ്റ്റ് ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് പങ്കെടുക്കാം. 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയാണ് കാലാവധി. പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായപരിധി 21നും 36നുമിടയില്‍. അപേക്ഷകര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780.

ക്യാഷ് അവാര്‍ഡ് നല്‍കുന്നു

വിമുക്തഭടന്മാരുടെയും വിമുക്ത ഭട വിധവകളുടെയും മക്കളില്‍ ജില്ലയില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സംസ്ഥാന/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+/എ1 മാര്‍ക്ക് ലഭിച്ചവര്‍ക്ക് സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. എല്ലാ വിഷയത്തിലും എ+/എ1 നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ 2021 നവംബര്‍ മൂന്നിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0495 2771881.

ഡിഗ്രി സീറ്റൊഴിവ്

മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബി.എ അറബികിന് ഈഴവ, എല്‍.സി, ഇ.ഡബ്ലുഎസ്, ഒ.ബി.എച്ച്, ബി.എ ഉറുദുവിന് ഒ.ബി.എക്സ്, ഇ.ഡബ്ലുഎസ്, ഈഴവ, ബി.എ ഇസ്ലാമിക് ഹിസ്റ്ററിക്ക് ഇ.ഡബ്ലുഎസ് സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്ക് രേഖകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പഞ്ചകര്‍മ്മ ടെക്നീഷ്യന്‍ കോഴ്‌സ് പ്രവേശനം

പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോകബാങ്കിന്റെ ധനസഹായത്തോടെ യുവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്നീഷ്യന്‍ കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. കോഴിക്കോട് ജില്ലയിലെ 18നും 25നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലനശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ജെഎസ്എസ് ഒരുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446397624, 9020643160, 9746938700.

അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ്

മടവൂര്‍ പഞ്ചായത്തിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് ഒകടോബര്‍ 27, 28 തീയ്യതികളില്‍ ആരാമ്പ്രത്ത് നടക്കും. 2020 പാദവര്‍ഷം മുതല്‍ കുടിശ്ശികയായവ പിഴ കൂടാതെ മുദ്ര ചെയ്യാമെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ രേഖകള്‍ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണം. ഫോണ്‍: 0495 2374203.

ഹിയറിംഗ് 27ന്

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്റെ കണ്ണൂര്‍ മേഖലാ ഹിയറിംഗ് കണ്ണൂര്‍ ഗവ: ഗസ്റ്റ് ഹൗസില്‍ ഒക്ടോബര്‍ 27ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ മുന്നാക്ക വിഭാഗ സംഘടനകളുടെ രണ്ട് പ്രതിനിധികള്‍ക്കും മുന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രശ്നങ്ങളിലും താത്പര്യമുള്ള വ്യക്തികള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ടാക്സി പെര്‍മിറ്റുള്ള എ.സി. കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാടകക്ക് എടുക്കുന്നതിന് വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് മൂന്ന് മണിക്കകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പ്ലാനിംഗ് ഓഫീസ് കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍- 0495 2371907.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, സംസ്‌കൃതം (കാറ്റഗറി നം. 468/2013) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

തേക്ക് തടികളുടെ ചില്ലറ വില്പന

കണ്ണൂര്‍ ജില്ലയിലെ കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഒക്ടോബര്‍ 27 മുതല്‍ കണ്ണവം തേക്ക് തോട്ടത്തില്‍ നിന്നുള്ള തേക്ക് തടികളുടെ ചില്ലറ വില്‍പ്പന ആരംഭിക്കുന്നു. സ്വന്തം വീട് പണിക്കാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം 5 ക്യുബിക് മീറ്റര്‍ വരെ തേക്ക് തടികള്‍ ചില്ലറ വില്പന പ്രകാരം മൂന്ന് മാസക്കാലയളവില്‍ സ്റ്റോക്ക് തീരും വരെ ലഭ്യമാണ്. തദ്ദേശ സ്ഥാപനത്തില്‍നിന്നും വീട് നിര്‍മ്മാണത്തിന് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, പാന്‍ കാര്‍ഡ്, അപേക്ഷകന്റെ പേരും മേല്‍ വിലാസവും തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്നിവ പകര്‍പ്പുകള്‍ സഹിതം ഡിപ്പോയില്‍ ഹാജരാക്കണമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. തടികള്‍ വീട്ടാവശ്യത്തിനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കൂടി അപേക്ഷകന്റെ പേരില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ : : 9946607554, 0490 2302080, 8547602859.

ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറ ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. (ഇവ അഭിമുഖ സമയത്ത് ഹാജരാക്കണം). പി.ആര്‍.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടര്‍ന്നെടുക്കുന്ന പരിപാടികള്‍ക്ക് 500 രൂപ വീതവും ലഭിക്കും. ഒരാള്‍ക്ക് പരമാവധി ഒരു ദിവസം 1700 രൂപയാണ് ലഭിക്കുക. പാനലിന്റെ കാലാവധി 2023 മാര്‍ച്ച് 31 വരെയാണ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് കരാര്‍ ഫോട്ടോ ഗ്രാഫര്‍ അപേക്ഷ 2021 എന്ന് രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2370225.

കരുതലോടെ മുന്നോട്ട്; ഹോമിയോ പ്രതിരോധ മരുന്നു വിതരണം ആരംഭിച്ചു

സ്‌കൂള്‍ കുട്ടികള്‍ക്കായി ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് നല്‍കുന്ന പദ്ധതിക്ക് മുക്കം നഗരസഭയില്‍ തുടക്കമായി. മൂന്ന് ഘട്ടങ്ങളിലായി 21 ദിവസ ഇടവേളയില്‍ കോവിഡ് പ്രതിരോധ മരുന്നു നല്‍കും. നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മരുന്നിന്റെ ആദ്യഘട്ട വിതരണം ഒക്ടോബര്‍ 27 വരെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറികളും ആശുപത്രികളും വഴി നടത്തും. ഇതിനായി തയ്യാറാക്കിയ വെബ് പോര്‍ട്ടലോ മൊബൈല്‍ ആപ്പോ മുഖേന കുട്ടിയുടെയോ രക്ഷിതാവിന്റെയോ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. സൗകര്യപ്രദമായ വിതരണ കേന്ദ്രം തെരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന തീയതിയില്‍ സ്ഥാപനത്തില്‍ മരുന്ന് വിതരണ ചെയ്യും.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പ്രജിതാ പ്രദീപ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ കെ.പി.ചാന്ദ്‌നി, സ്ഥിരം സമിതി അംഗങ്ങളായ വി.കുഞ്ഞന്‍, ഇ.സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ വേണു കല്ലുരുട്ടി, വേണുഗോപാലന്‍, എം.വി.രജനി, ഡോ.റിത്തു എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.