കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (20/10/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

എന്‍ട്രന്‍സ്: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

2021-22 വര്‍ഷം എന്‍ട്രന്‍സ് പരിശീലനം നേടിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നവംബര്‍ 20 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷ നവംബര്‍ 25 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഗവണ്‍മെന്റ്, ഗവണ്‍മെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/വൊക്കേഷണല്‍/ടെക്നിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പിന്റെ അമാല്‍ഗമേറ്റെഡ് ഫണ്ടില്‍ നിന്നും 2021-22 വര്‍ഷത്തേക്കുളള അമാല്‍ഗമേറ്റെഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നവംബര്‍ 20 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കിയവരെ പരിഗണിക്കുന്നതല്ല. അപേക്ഷ നവംബര്‍ 25 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷിക്കാം

കലാകായിക രംഗങ്ങളില്‍ അഭിരുചിയും, പ്രാവീണ്യവും ഉളള ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാനത്തെ, രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ സംസ്ഥാനത്തെ/രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരും സംസ്ഥാന ദേശീയതല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരുമായിരിക്കണം.

ധനസഹായത്തിന് യോഗ്യത നേടിയ മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, പരിശീലനം നേടുന്ന സ്ഥാപനങ്ങളില്‍ നിന്നുളള അഡ്മിഷന്‍ സംബന്ധിച്ച രേഖ, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സാക്ഷ്യപ്പെടുത്തി നിശ്ചിത മാതൃകയിലുളള അപേക്ഷകയോടൊപ്പം ജില്ലാ സാമൂഹ്യനീതി ആഫീസ്, സിവില്‍സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ഒക്ടോബര്‍ 31 നകം സമര്‍പ്പിക്കണം. പദ്ധതി മാനദണ്ഡ പ്രകാരമുളള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയൂളളൂ. വിശദ വിവരങ്ങള്‍ക്ക് www.swd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കലാകായിക രംഗങ്ങളില്‍ അഭിരുചിയും, പ്രാവീണ്യവും ഉളള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവരുടെ കഴിവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്തെ, രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പുതിയ പദ്ധതിയാണ് ശ്രേഷ്ഠം.

നീലക്കാര്‍ഡ്: അപേക്ഷകള്‍ എല്ലാ ദിവസവും സ്വീകരിക്കും

പൊതുവിഭാഗം സബ്സിഡി കാര്‍ഡുകള്‍ക്ക് (നീലക്കാര്‍ഡ്) വേണ്ടിയുള്ള അപേക്ഷകള്‍ എല്ലാ ദിവസവും വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ സ്വീകരിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിങ്ങ്) വകുപ്പില്‍ ലൈന്‍മാന്‍ (കാറ്റഗറി നം. 217/2015) തസ്തികയുടെ 175/18/ഡിഒഡി നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി ആഗസ്റ്റ് നാലിന് (04.08.2021) അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ ടി റാങ്ക് പട്ടിക റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ടൈമിംഗ് കോണ്‍ഫറന്‍സ് 29 ന്

പന്തീരാങ്കാവ് – മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, രാമനാട്ടുകര – മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ വഴി കുന്നത്തുപാലം – കോന്തനാരി – അറപ്പുഴ പാലം – രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡ് ജംഗ്ഷന്‍ – ഹൈലൈറ്റ് മാള്‍ – തൊണ്ടയാട്, കോവൂര്‍ റൂട്ടില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് കെ.എല്‍ 57 ജി 9521 എന്ന സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ ടൈമിംഗ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 29 ന് ഓണ്‍ലൈനായി നടത്തും. വാഹനത്തിന്റെ ടൈമിങ്ങിന് എതിരെ പരാതി നല്‍കിയവര്‍ ഒക്ടോബര്‍ 26 നകം സെക്രട്ടറി, റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുമ്പാകെ ഹാജരാക്കണം. അല്ലാത്ത പക്ഷം ടൈമിംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല.

ആട്ട് വളര്‍ത്തല്‍: ഓണ്‍ലൈന്‍ ട്രെയിനിംഗ് 21ന്

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട്ട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21 ന് രാവിലെ 10.30 മുതല്‍ 4.30 മണി വരെ സൂം മുഖേനയാണ് പരിശീലനം. 9188522713 നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് മീറ്റിംഗില്‍ പങ്കെടുക്കാവുന്നതാണെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.

കുന്ദമംഗലത്ത് ട്രാഫിക് യൂണിറ്റ് സ്ഥാപിക്കും

കുന്ദമംഗലം ടൗണിലെ ഗതാഗതം സുഗമമാക്കാന്‍ കുന്ദമംഗലത്ത് ട്രാഫിക് യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി പി ടി എ റഹിം എംഎല്‍എ അറിയിച്ചു. കുന്ദമംഗലം പഞ്ചായത്തില്‍ ട്രാഫിക് റഗുലേറ്ററി കമ്മറ്റി രൂപീകരിക്കും. ജില്ലാ മജിസ്‌ട്രേറ്റ്, റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, സിറ്റി പോലീസ് കമ്മീഷ്ണര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരുടെ പ്രതിനിധികള്‍ കമ്മറ്റിയില്‍ ഉണ്ടാവും. പഞ്ചായത്ത് പ്രസിഡന്റ് സമിതിയുടെ ചെയര്‍മാനാവും. ട്രാഫിക് പ്രശ്‌നങ്ങളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നാറ്റ്പാക്കിന്റെ ടീം കുന്ദമംഗലം സന്ദര്‍ശിക്കുന്നതാണെന്നും എംഎല്‍എ അറിയിച്ചു.

കുന്ദമംഗലം കോടതിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ സാഹചര്യത്തില്‍ നിലവിലെ കോടതി കെട്ടിടം പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പി ടി എ റഹിം എംഎല്‍എ അറിയിച്ചു. നൂറു വര്‍ഷത്തിലധികം പഴക്കമുളള ഈ കെട്ടിടം അതേ പടി നിലനിര്‍ത്തി പരിഷ്‌കരിക്കുന്നതിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്.

പ്രവൃത്തി കരാര്‍ നല്‍കുകയും ഹൈക്കോടതി ഇതിന് അനുമതി നല്‍കുകയും ചെയ്തു. പുതിയ കോടതി ഹാള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടിയിട്ടുണ്ട്.

വനിതാ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ 23ന്

മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ 2021-22 അദ്ധ്യയനവര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ്, കൊമേര്‍ഷ്യല്‍ പ്രാക്ടീസ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 23 ന് നടത്തും. റാങ്ക് ലിസ്റ്റില്‍ പേരുള്ള മുഴുവന്‍ ആളുകള്‍ക്കും രാവിലെ 9.30 മുതല്‍ 11 മണിവരെയുള്ള സമയത്ത് കോളേജില്‍ വന്ന് രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

എസ്.എസ്.എല്‍.സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് ആനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ അപേക്ഷകരും ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരും കോഷന്‍ ഡെപ്പോസിറ്റ് 1000 രൂപയും ഒരു ലക്ഷത്തിനുമുകളില്‍ വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3780 രൂപയും എടിഎം കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714

വിജിലന്‍സ് ബോധവല്‍കരണ വാരാഘോഷം: 26 മുതല്‍

തപാല്‍ വകുപ്പ് ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ഒന്ന് വരെ വിജിലന്‍സ് ബോധവല്‍കരണ വാരാഘോഷം നടത്തുന്നു. ഇതിനോടനുബന്ധിച്ച് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് സന്ദേശം നല്‍കി.

പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് സേവനങ്ങള്‍ക്ക് എസ്.എം.എസ് സൗകര്യം ലഭ്യമാണ്. ഈ സേവനം ഉപയോഗപ്പെടുത്താന്‍ അക്കൗണ്ട് സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് എല്ലാവിധ അക്കൗണ്ടുകളിലും ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിലൂടെ ഇടപാടുകളുടെ വിവരങ്ങള്‍ എസ്.എം.എസ് മുഖേന ലഭ്യമാകും.

പോസ്റ്റോഫീസ് എസ്.ബി അക്കൗണ്ടുകളില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്. ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. എ.ടി.എം സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. എല്ലാ വിഭാഗം അക്കൗണ്ടുകളുടെയും പാസ് ബുക്കുകള്‍ കൈവശം സൂക്ഷിക്കണം. ഓരോ ഇടപാടുകളും പാസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

ആര്‍.ഡി ഏജന്റ് മുഖേന പണം അടക്കുന്നവര്‍ ഓരോ മാസത്തിലെയും നിക്ഷേപം പാസ് ബുക്കില്‍ വരവ് വെച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സംശയാസ്പദമായ ഇടപാടുകളോ ബാലന്‍സ് വ്യത്യാസമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് സൂപ്രണ്ട് ഓഫീസുമായി ഉടന്‍ തന്നെ ബന്ധപ്പെടണമെന്നും പോസ്റ്റല്‍ ഓഫീസ് സൂപ്രണ്ട് അറിയിച്ചു.

വിദ്യാതീരം പദ്ധതി: അപേക്ഷ ക്ഷണിച്ചു

രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധനത്തിനിടയില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ എസ.്എസ്.എല്‍.സി ജയിച്ചിരിക്കണം. അപേക്ഷ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780.

കോവിഡ് ധനസഹായം: നവംബര്‍ 15 വരെ അപേക്ഷിക്കാം

കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മദ്രസ്സ അധ്യാപക ക്ഷേമനിധിയില്‍ 03/2021 ന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. ക്ഷേമനിധിയുടെ വെബ്‌സൈറ്റ് (www.kmtboard.in) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക- 0495 2966577.

ജില്ലാതല ആര്‍സെറ്റി അഡൈ്വസറി കമ്മിറ്റി മീറ്റിംഗ് നാളെ

ജില്ലാതല ആര്‍സെറ്റി അഡൈ്വസറി കമ്മിറ്റി മീറ്റിംഗ് നാളെ (ഒക്ടോബര്‍ 21) ഉച്ചക്ക് മൂന്ന് മണിക്ക് എ.ഡി.എമ്മിന്റെ ചേമ്പറില്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

കെല്‍ട്രോണില്‍ ജേണലിസം കോഴ്സിന് സീറ്റുകള്‍ ഒഴിവ്

കെല്‍ട്രോണ്‍ കോഴിക്കോട് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അവസാന തീയ്യതി ഒക്ടോബര്‍ 30. വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. വിശദ വിവരങ്ങള്‍ക്ക് : 9544958182, 8137969292.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെയിന്‍ ബ്ലോക്ക്, സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്ക്, ഓള്‍ഡ് ബ്ലോക്ക് എന്നീ കെട്ടിടങ്ങളിലേക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന വെളളം എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28 ന് ഉച്ചക്ക് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് : ഇന്റര്‍വ്യൂ മാറ്റി

കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി.കമ്മീഷണറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 26 ന് നടത്താന്‍ നിശ്ചയിച്ച ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ഒക്ടോബര്‍ 28 ലേക്ക് മാറ്റിയതായി ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ അറിയിച്ചു. ഇന്റര്‍വ്യൂ സമയത്തിനോ സ്ഥലത്തിനോ മാറ്റമില്ല. ഫോണ്‍ : 0495 2720744.

രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

ജില്ലയില്‍ 2000 ജനുവരി ഒന്ന് മുതല്‍ 2021 ആഗസ്റ്റ് 31 വരെയുളള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിനായി അവസരം. രജിസ്ട്രേഷന്‍ പുതുക്കുന്നതിന് വീഴ്ച വരുത്തിയവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നവംബര്‍ 30 നകം രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ മറ്റ് ആശ്രിതര്‍ മുഖേനയോ തപാല്‍മാര്‍ഗമോ ജില്ലാസൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണെന്് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മാവൂരിലെ ആണ്‍കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2021-22 വര്‍ഷം പ്രവേശനം നടത്തുന്നതിനായി അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, എന്നിവ സഹിതം ഒക്ടോബര്‍ 27 ന് വൈകീട്ട് അഞ്ചിനകം കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്സില്‍ സമര്‍പ്പിക്കണം. ഫോണ്‍നമ്പര്‍, പിന്‍കോഡ് സഹിതമുള്ള വിലാസം എന്നിവ കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.

ദ്വിദിന സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സാംഘടിപ്പിക്കുന്നു

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സാംഘടിപ്പിക്കുന്നു. അഭിരുചിക്കനുസരിച്ചു ഉപരിപഠന മേഖലകള്‍ തിരഞ്ഞെടുക്കുക, വ്യക്തിത്വ വികാസത്തിന് സഹായിക്കുക തുടങ്ങിയവ ലക്ഷ്യം വെക്കുന്ന ക്യാമ്പ് പൂര്‍ണമായും സൗജന്യമാണ്. കോഴിക്കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന താല്‍പ്പര്യമുളള സ്‌കൂളുകള്‍ ഒക്ടോബര്‍ 26 ന് വൈകീട്ട് അഞ്ചിനകം 9447881853, 9446643499, 9846654930 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം: വിവരങ്ങള്‍ ഹാജരാക്കണം

റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അപേക്ഷകരോ, പരാതിക്കാരോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളോ ഗൂഗിള്‍ മീറ്റില്‍ പ്രവേശിക്കുന്നതിനുള്ള മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ ഒക്ടോബര്‍ 26ന് ഉച്ചക്ക് 12 മണിക്കകം ഓഫീസില്‍ ഹാജരാക്കണമെന്ന് ആര്‍ടിഎ സെക്രട്ടറി അറിയിച്ചു. ഓരോ അജണ്ടക്കും ഉളള എതിരഭിപ്രായം ഒക്ടോബര്‍ 30 വരെ ഓഫീസില്‍ നേരിട്ട് സ്വീകരിക്കും.

ഡ്രൈവിംങ് പ്രായോഗിക പരീക്ഷ 22 മുതല്‍

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എല്‍എംവി) കാറ്റഗറി നം. 390/2018,225/18,395/18), ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എല്‍എംവി)-എന്‍.സി.എ എസ് സി വയനാട് ജില്ല (കാറ്റഗറി നം:19/2018), ഡ്രൈവര്‍ കോഴിക്കോട് ജില്ല കോ ഓപ്പറേറ്റീവ് ബാങ്ക് (കാറ്റഗറി നം :396/2018) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കേരള പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിന്റെ പരിധിയില്‍പ്പെട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഡ്രൈവിംങ് പ്രായോഗിക പരീക്ഷ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ രണ്ട് വരെ കോഴിക്കോട് മാലൂര്‍കുന്നിലെ എ.ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ (ഡിഎച്ച്ക്യൂ ക്യാമ്പ് ഗ്രൗണ്ട്) രാവിലെ ആറ് മണി മുതല്‍ നടത്തും.

സെപ്റ്റംബര്‍ ആറ് മുതല്‍ 15 വരെ നടത്താന്‍ തീരുമാനിച്ചിരുന്നതും നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചതുമായ പരീക്ഷയുടെ പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിംങ് ലൈസന്‍സ്, ഡ്രൈവിംങ് പര്‍ട്ടിക്കുലര്‍സ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം. കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും (മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ) ‘കോവിഡ് പോസിറ്റീവ് അല്ല’ എന്ന സത്യപ്രസ്താവന (വെബ്സൈറ്റില്‍ നല്‍കിയ മാതൃക പ്രകാരം) ഹാജരാക്കേണ്ടതുമാണെന്ന് പിഎസ് സി മേഖലാ ഓഫീസര്‍ അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.