കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (18/10/2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
നേഴ്‌സുമാരെ ആവശ്യമുണ്ട്
കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ എം.ഇ.ടിക്ക് കീഴില്‍ കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന ‘സുരക്ഷ’ ലഹരി വിമോചന കേന്ദ്രത്തിലേക്ക് ജി.എന്‍.എം നേഴ്‌സുമാരെ ആവശ്യമുണ്ട്. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ളവര്‍ surakshairca1991@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കണം. വിവരങ്ങള്‍ക്ക് 9846374969.
തേനീച്ച വളര്‍ത്തല്‍ പരിശീലനം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായ യുവതി യുവാക്കള്‍ക്ക് തേനീച്ച വളര്‍ത്തലില്‍ അഞ്ച് ദിവസത്തെ പരിശീലനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താലപര്യമുളള വ്യക്തികള്‍ അപേക്ഷ ഒക്ടോബര്‍ 30 ന് കോഴിക്കോട് ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2366156, 9400676080.
ഗതാഗതം നിരോധിച്ചു
മണ്ണൂര്‍ ചാലിയം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി കടുക്കബസാര്‍ മുതല്‍ ചാലിയം ജംക്ഷന്‍ വരെയുളള ഭാഗത്തുകൂടെ വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിയീനര്‍ അറിയിച്ചു. പരപ്പനങ്ങാടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ആനങ്ങാടിയില്‍ നിന്ന് തിരിഞ്ഞ് കോട്ടക്കടവ് പാലം – മണ്ണൂര്‍ വഴി ഫറോക്ക് ഭാഗത്തേക്ക് പോകണം. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഫറോക്ക് നിന്നും മണ്ണൂര്‍ – കോട്ടക്കടവ് പാലം വഴി പരപ്പനങ്ങാടി ഭാഗത്തേക്ക് പോകണം.
വടകര മോഡൽ പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ 20 ന്
വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2021-22 അദ്ധ്യായന വർഷത്തിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സുകളിലേക്കും, ലാറ്ററൽ എൻട്രി കോഴ്‌സുകളിലേക്കും എസ്സി/എസ്ടി വിഭാഗത്തിൽ ഉള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള, യോഗ്യരായ വിദ്യാർത്ഥികൾ എല്ലാം അസ്സൽ രേഖകളുമായി രക്ഷിതാവിനോടോപ്പം ഒക്ടോബർ 20 ന് രാവിലെ 10 മണിക്കകം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കെൽട്രോണിൽ ഗ്രാഫികസ് ആൻഡ് വിഷ്വൽ ഇഫക്ട്സ് ഓൺലൈൻ കോഴ്സ്
ഓൺലൈൻ/വിഷ്വൽ മാധ്യമങ്ങളിൽ ഒട്ടനവധി അവസരങ്ങളുള്ള ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ് ഓൺലൈൻ/ഹൈബ്രിഡ് സർട്ടിഫിക്കറ്റ് കോഴ്സിലേയ്ക്ക് കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ നോളഡ്ജ് സെന്ററിൽ പ്രവേശനം ആരംഭിച്ചു. കാലാവധി മൂന്ന് മാസം. എസ്.എസ്.എൽ.സിയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 7012742011
മരം ലേലം 28 ന്
ദേശീയപാത 766 ൽ കി.മീ 25/000 മുതൽ 45/000 വരെയുളള ഭാഗങ്ങളിൽ സ്ഥിതി ചെയ്യന്ന 18 മരങ്ങൾ ഒക്ടോബർ 28 ന് രാവിലെ 11.30 മണിക്ക് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാത ഉപവിഭാഗം, കൊടുവളളി ഓഫീസ് വെച്ച് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ 0495 2212000.
വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച
സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 23 ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ് ഓഫീസര്‍ – പുരുഷന്‍മാര്‍ (പ്ലസ്ടു യോഗ്യത- കൊയിലാണ്ടി, താമരശ്ശേരി, രാമനാട്ടുകര ഉള്ളവര്‍ക്ക് മുന്‍ഗണന), സിവില്‍ എഞ്ചിനിയര്‍ – സ്ത്രീകള്‍ (ബി.ടെക് സിവില്‍ യോഗ്യത) എന്നി തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് രാവിലെ 10.30 ന്
ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ 0495 2370176
ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സിന് നേരിട്ടുള്ള പ്രവേശനം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സില്‍ നേരിട്ട് അഡ്മിഷന്‍ ലഭിക്കുന്നതിന് താല്പര്യമുള്ളവര്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം. മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സാണിത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുനിവേര്‍സിറ്റിയുടെയും അംഗീകാരത്തോടെയാണ് ആറ് സെമസ്റ്ററിലായി നടത്തുന്ന ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദകോഴ്സ് നടത്തുന്നത്്. അപേക്ഷകര്‍ പ്ലസ് ടുവിന് നാല്പത്തിഅഞ്ച് ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്സി, എസ്ടി, ഒബിസി (എച്ച്), ഒഇസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഇ ഗ്രാന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി നടത്തിയ പൊതുപ്രവേശന പരീക്ഷ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടാവും. വിവരങ്ങള്‍ക്ക് 0495 2385861, 9400508499.
സ്കൂളുകൾ പ്രവർത്തന സജ്ജം
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ എലത്തൂർ നിയോജക മണ്ഡലത്തിലെ സ്കൂളുകൾ പ്രവർത്തന സജ്ജമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മണ്ഡലത്തിലെ സ്കൂളുകളിൽ നടക്കുന്ന ശുചീകരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ഒക്ടോബർ 25 നകം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.എം. ഷാജി, കെ.ടി.പ്രമീള, കെ.പി.ഷീബ, കൃഷ്ണവേണി മാണിക്കോത്ത്, എൻ. സരിത, ഗൗരി പുതിയോത്ത്, കൗൺസിലർമാരായ എസ്.എം.തുഷാര, ഷഫീന
എന്നിവർക്കു പുറമേ വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഡ്രോൺ പൈലറ്റ് പരിശീലനം; വിദ്യാർത്ഥികളോട് സംവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
ഫറോക്ക് ഗവൺമെന്റ് ഗണപത് ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്ന അസാപ് കേരള ഡ്രോൺ പൈലറ്റ് പരിശീലന പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘മാറുന്ന ടൂറിസം മേഖലയും ഡ്രോൺ യുഗവും’ എന്ന വിഷയത്തിൽ ഈ മേഖലയിലുള്ള നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകളെകുറിച്ചും സർക്കാർ ആവിഷ്‌കരിക്കുന്ന നവീന പദ്ധതികളെകുറിച്ചും മന്ത്രി വിദ്യാർത്ഥികളുമായി സംസാരിച്ചു. ഡ്രോണിന്റെ പുത്തൻ സാങ്കേതിക സാധ്യതകൾ ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്താവുന്നതാണെന്ന് മന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിലും അറിയപ്പെടാതെ കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളുണ്ട്. ഇവ കണ്ടെത്തി മുന്നോട്ടു കൊണ്ടുവരികയാണ് ടൂറിസം വകുപ്പ്. ഇത്തരം ടൂറിസം കേന്ദ്രങ്ങളെ അതിമനോഹരമായി ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താവുന്ന വിധത്തിൽ ആകാശക്കാഴ്ചകൾ ഒപ്പിയെടുക്കാൻ ഡ്രോണുകൾക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികളിൽ അസാപിൽ പരിശീലനം നേടിയവരെ ഉൾപെടുത്തുന്നതിന്റെ സാധ്യത പരിശോധിച്ച് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആദ്യ ബാച്ചിലുള്ള പത്തു വിദ്യാർത്ഥികൾക്ക് ഡ്രോൺ പൈലറ്റ് ലൈസൻസുകൾ മന്ത്രി വിതരണം ചെയ്തു. പരിശീലകരോടൊപ്പം മന്ത്രി ഡ്രോൺ പറത്തി. ഡ്രോൺ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയുക, പ്രവർത്തനം മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾക്കു പുറമേ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിസിഎ സർട്ടിഫിക്കറ്റിനോടൊപ്പം ഡ്രോൺ പൈലറ്റ് ലൈസൻസും ലഭ്യമാക്കുന്ന പരിശീലനപരിപാടിയാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് കോഴിക്കോട്, ഓട്ടോണോമസ് ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് എക്സിക്യുട്ടീവ് പ്രോഗ്രാം ഇൻ മൈക്രോകാറ്റഗറി ഡ്രോൺ പൈലറ്റ് എന്ന പരിശീലന പരിപാടി അസാപ് കേരള നടത്തുന്നത്.
പ്രിൻസിപ്പൽ കെ.ടി അജയൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഗിരീഷ് കുമാർ എം, അസാപ് കേരള കോഴിക്കോട് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ബിനിഷ് ജോർജ്, അസാപ് സ്‌കിൽഡെവലപമെന്റ് പ്രോഗ്രാം മാനേജർമാർ, പരിശീലകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചു
മാലിന്യ മുക്ത കുന്ദമംഗലം എന്ന ലക്ഷ്യപ്രാപ്തിക്കായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചു. പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് മാലിന്യ സംസ്കരണം. ഇത് പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ പരിപാലന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.
സുരക്ഷിത മനുഷ്യ വിസര്‍ജ്ജ്യ നിര്‍മ്മാര്‍ജ്ജനം, ഖര-ദ്രവ്യ മാലിന്യ പരിപാലനം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവയില്‍ പൂര്‍ണ നേട്ടം കൈവരിക്കുക എന്നതാണ് ഗ്രാമപഞ്ചായത്തിന്‍റെ ലക്ഷ്യം. ഇതിനായി ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച ഹരിതകര്‍മ്മസേന സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ചന്ദ്രന്‍ തിരുവലത്ത്, യു.സി. പ്രീതി, ശബ്ന റഷീദ്, മെമ്പര്‍മാരായ ഷൈജ വളപ്പില്‍, യു.സി. ബുഷ്റ, മണ്ണത്തൂര്‍ ധര്‍മ്മരത്നന്‍, ലീന വാസുദേവന്‍ എന്നിവർ സംസാരിച്ചു.
ജില്ലാ ശുചിത്വ മിഷന്‍ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്‍റ് സി.കെ. രശ്മി, ഹരിത കേരള മിഷന്‍ ജില്ലാ റിസോഴ്സ് പേര്‍സണ്‍ പി. പ്രിയ എന്നിവർ പദ്ധതി വിശദാംശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. അനില്‍കുമാര്‍ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സീന അശോകന്‍ നന്ദിയും പറഞ്ഞു.