കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഒറ്റത്തവണ വെരിഫിക്കേഷന്‍

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍. 277/18) തസ്തികയിലേക്ക് 2021 ജൂലൈ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട വണ്‍ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒറ്റത്തവണ വെരിഫിക്കേഷന്‍ ഒക്ടോബര്‍ 18,20,21,22,25,26 തീയതികളിലായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇത് സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. വെരിഫിക്കേഷന്‍ ദിവസം ഐ.ഡി പ്രൂഫ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം പി.എസ്.സിയുടെ ജില്ലാ ഓഫീസിലോ തൊട്ടടുത്ത ജില്ലാ പി.എസ്.സി ഓഫീസുകളിലോ നേരിട്ട് ഹാജരാകണം.

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് 16ന്

കോഴിക്കോട് ആര്‍.ടി ഓഫീസിന്റെ പരിധിയിലുളള എല്ലാ സ്‌കൂള്‍ വാഹനങ്ങളുടെയും ഫിറ്റ്നസ് ടെസ്റ്റ് സാധാരണ ദിവസങ്ങളിലുളളതു കൂടാതെ ഒക്ടോബര്‍ 16ന് ചേവായൂര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്കു മാത്രം പ്രത്യേകമായി നടത്തും. വാഹനങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ത്തതിനുശേഷം മാത്രമേ വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റിനു ഹാജരാക്കുവാന്‍ പാടൂളളൂ. കൂടാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഫിറ്റ്നസ് ടെസ്റ്റിനു ഹാജരാക്കാതെയും കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട സ്‌കൂള്‍ മേലധികാരികള്‍ ഉത്തരവാദികളായിരിക്കുമെന്നും റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

വനിതാ പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്‍ 18ന്

കോഴിക്കോട് മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്നിക്ക് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ്, കൊമേഴ്ഷ്യല്‍ പ്രാക്ടീസ് എന്നീ ഡിപ്ലോമ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

ഒക്ടോബര്‍ 18ന് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജിലാണ് അഡ്മിഷന്‍. ജില്ലയില്‍ സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇതുവരെ സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഒക്ടോബര്‍ 18ന് രാവിലെ 9.30 നകം രജിസ്റ്റര്‍ ചെയ്ത് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ നടത്തിയവര്‍ 18 ന് രാവിലെ 9.30 മുതല്‍ 11 മണിവരെ മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2370714.

കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ (CCEK) ആഭിമുഖ്യത്തില്‍ മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നാളെ (ഒക്ടോബര്‍ 14) മുതല്‍ 17 വരെ പ്ലസ് ടു,| ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നടത്തുന്നു. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാമെന്ന് അസോ. പ്രൊഫസര്‍ അറിയിച്ചു.

ഐ.എച്ച്.ആര്‍.ഡി: ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി 2021 ജൂലൈ മാസത്തില്‍ നടത്തിയ വിവിധ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) എന്നീ കോഴ്സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും
അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാകും. വെബ്സൈറ്റിലും (www.ihrd.ac.in)
പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 28 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും നവംബര്‍ ഒന്ന് വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. മാര്‍ച്ച് 2022ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവര്‍ അപേക്ഷകള്‍
നവംബര്‍ 15 നകം 200 രൂപ ലേറ്റ് ഫീയോടുകൂടി നവംബര്‍ 22 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

ലേലം

കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്സിലുള്ള തെങ്ങുകളില്‍ നിന്നും, ചാലിയം തോപ്പ് റിസര്‍വ്വിലെ തെങ്ങുകളില്‍ നിന്നും നാളികേരം, ഉണങ്ങി വീഴുന്ന ഓലകള്‍, കൊതുമ്പുകള്‍ മുതലായവ അടുത്ത മൂന്ന് വര്‍ഷ കാലയളവില്‍ ശേഖരിച്ചു നീക്കം ചെയ്യുന്നതിലുള്ള അവകാശം ഒക്ടോബര്‍ 28 ന് ലേലം/ദര്‍ഘാസ് വ്യവസ്ഥയില്‍ പാട്ടത്തിന് കൊടുക്കുന്നു. ടെണ്ടര്‍ ഫോറം ലേലം/ദര്‍ഘാസ് നടക്കുന്ന ദിവസലോ ചാലിയം ഡിപ്പോയിലോ സ്വീകരിക്കുമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2414702.

റേഷന്‍ കാര്‍ഡ് – സിറ്റിങ് നടത്തി

മണിയൂര്‍ പഞ്ചായത്തിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി മീനത്ത് കര കോളനിയിലെ അങ്കണവാടിയില്‍ സിറ്റിങ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. വാടക വീട്, വാടക ക്വാര്‍ട്ടേര്‍സ്, കുടില്‍, ഷെഡ്, പുറമ്പോക്ക് ഭൂമി, റോഡരിക് എന്നിവിടങ്ങളില്‍ താമസിക്കുന്നവരും തണ്ണീര്‍ത്തടം, സി.ആര്‍ സെഡ് ഡാറ്റ ബാങ്ക് എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി, കൈവശ രേഖ ലഭിക്കാന്‍ പ്രയാസമുള്ള ഭൂമി തുടങ്ങിയ ന്യായമായ കാരണങ്ങളില്‍ വീട്ട് നമ്പര്‍ ലഭിക്കാത്തവരും കാലങ്ങളായി റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കുമാണ് സിറ്റിങ് നടത്തിയത്.

സിറ്റിങ്ങില്‍ പങ്കെടുത്ത വിവിധ കാരണങ്ങളാല്‍ റേഷന്‍ കാര്‍ഡില്ലാത്ത 62 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായുള്ള അംഗികാരം നല്‍കി. ഈ കുടുംബങ്ങള്‍ക്ക് സപ്ലൈ ഓഫിസില്‍ വരാതെ തന്നെ അക്ഷയ കേന്ദങ്ങളില്‍നിന്നും ഓണ്‍ലൈന്‍ അപേക്ഷ എടുക്കുന്ന മുറയ്ക്ക് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ മൂഴിക്കല്‍ പ്രമോദ് അധ്യക്ഷനായി. ടി.എസ്.ഒ സജിവന്‍ ടി.സി, എ.ടി.എസ്ഒ സീമ പി, റേഷനിങ് ഇന്‍സ്പെക്ടര്‍ സജീഷ് കെ.ടി എന്നിവര്‍ സംസാരിച്ചു.

രജിസ്ട്രേഷന്‍ ചെയ്യണം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയാറാക്കുന്നതിനും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതിനുമായി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടത്തുന്നു.

16 വയസു മുതല്‍ 59 വയസുവരെ ഇന്‍കം ടാക്സ് അടക്കാന്‍ സാധ്യതയില്ലാത്ത അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു കീഴിലെ മുഴുവന്‍ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളും നിര്‍ബന്ധമായും രജിസ്ട്രേഷന്‍ നടത്തണം. ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഒക്ടോബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0495-2366380.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 15ാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് വിനിയോഗം നിര്‍മാണ പ്രവൃത്തികളുടെ ജിയോ ടാഗ് നടത്തുന്നതിനും ഇ ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിന് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021 ജനുവരി ഒന്നിന് 30 വയസ് കവിയരുത്. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയില്‍ നിന്നും ത്രിവത്സര ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി) അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് ഉളളവരായിരിക്കണം. യോഗ്യത ഇല്ലാത്ത പക്ഷം അംഗീകൃത യൂണിവേഴ്സിറ്റി ബിരുദത്തോടൊപ്പം ഒരു വര്‍ഷത്തെ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. അപേക്ഷകര്‍ ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

എ.കെ.ജി, സി.എച്ച് മേല്‍പ്പാലങ്ങള്‍: വിദഗ്ധ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍

എ.കെ.ജി,സി.എച്ച് മേല്‍പ്പാലങ്ങളുടെ കേടുപാടുകള്‍ സംബന്ധിച്ച് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കെ.എച്ച്.ആര്‍.ഐ, ഐ.ഐ.ടി മദ്രാസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം നേരിട്ടെത്തി ഇരു പാലങ്ങളും സന്ദര്‍ശിച്ച് വിശദപഠനം നടത്തിവരികയാണ്. പഠന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പാലങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കും.

സി.എച്ച് ഓവര്‍ ബ്രിഡ്ജിന്റെ അടിഭാഗത്ത് കോര്‍പ്പറേഷന്റെ അധീനതയിലുള്ള കടകളും കെട്ടിടങ്ങളും ഉള്ളതിനാല്‍ സമയാസമയങ്ങളില്‍ പാലം പരിശോധന നടത്താന്‍ സാധിക്കുന്നില്ലെന്നും പുനരുദ്ധാരണം നടത്തണമെങ്കില്‍ ഇവ നീക്കം ചെയ്യണമെന്നും സൂപ്രണ്ടിങ് എന്‍ജീനിയര്‍ യോഗത്തില്‍ അറിയിച്ചു.

ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പാലങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് യോഗം വിലയിരുത്തുകയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പാലങ്ങളുടെ ചിത്രം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ചീഫ് എന്‍ജിനീയര്‍ എസ്. മനോ മോഹന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ മിനി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെന്നി ജോണ്‍, കെ.എച്ച്.ആര്‍.ഐ ജോയിന്റ് ഡയറക്ടര്‍ ജോസഫ്, കെ.എച്ച്.ആര്‍.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ സോണി ജെ.എസ്.ഡി, ബ്രിഡ്ജ് കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബൈജു പി.ബി, അസിസ്റ്റന്റ് എന്‍ജിനീയര്‍ അമല്‍ജിത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.