കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കോവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിക്കണം

ജില്ലയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്നാം ഡോസെടുത്ത് 100 ദിവസം കഴിഞ്ഞവര്‍ മറ്റു തക്കതായ കാരണങ്ങളില്ലെങ്കില്‍ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി ഉടന്‍ രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 110 ദിവസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ നടത്തണമെന്നും ഡിഎംഒ അറിയിച്ചു.

മരം ലേലം 7ന്

മലാപ്പറമ്പ് ഗവ. വനിതാപോളിടെക്നിക് കോളേജ് കാമ്പസില്‍ വീണു കിടക്കുന്ന പൂമരം, മഹാഗണി, പ്ലാവ് മരങ്ങള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ക്വട്ടേഷന്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 വരെ ഓഫീസില്‍ സമര്‍പ്പിക്കാം. ലേലം ചെയ്യുന്ന മരങ്ങള്‍ നേരിട്ട് കാണുന്നതിനും വിശദ വിവരങ്ങള്‍ അറിയുന്നതിനും പ്രവൃത്തിദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2370714.

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍- സീനിയോറിറ്റി പുതുക്കാം

വിവിധ കാരണങ്ങളാല്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ആഗസ്റ്റ് വരെയുളള കാലയളവില്‍ യഥാസമയം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 2021 നവംബര്‍ 30 വരെയുളള ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ http://www.employment.kerala.gov.inഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കാം.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിലെ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദ, കാറ്റഗറി നം. 531/19) തസ്തികയുടെ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്

ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ ഒക്ടോബര്‍ മാസത്തെ സിറ്റിംഗ് ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വാഹന ലേലം 12ന്

ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഇപ്പോള്‍ ഉപയോഗിക്കാത്ത വകുപ്പ് തല വാഹനം 1997 മോഡല്‍ കെഎല്‍ 01 എം 9210 നമ്പര്‍ ടാറ്റ സുമോ ഒക്ടോബര്‍ 12ന് രാവിലെ 11 മണിക്ക് വെളളയില്‍ ഗാന്ധി റോഡിലെ ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടില്‍ ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് 0495 2766035.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 414/16, നേരിട്ടുളള നിയമനം) തസ്തികയുടെ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

വയോജന ദിനാചരണം- ജില്ലാതല പരിപാടി ഇന്ന്

വയോജന ദിനാചരണം ജില്ലാതല പരിപാടി ഇന്ന് (ഒക്ടോബര്‍ ഒന്ന്) രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷനാക്കുന്ന ചടങ്ങില്‍ സബ് കലക്ടര്‍ ചെല്‍സാസിനി വയോജന സന്ദേശം നല്‍ക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഷൈജല്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ പള്‍സ് ഓക്സീമീറ്റര്‍ വിതരണം ചെയ്യും.

‘വയോജന ക്ഷേമവും വിവിധ പദ്ധതികളും താഴെതട്ടിലേക്ക് : പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തില്‍ രാവിലെ 11 മണിക്ക് സിആര്‍സി ഡയറക്ടര്‍ ഡോ.റോഷന്‍ ബിജിലി, ‘വയോജനങ്ങളും നിയമ സംരക്ഷണവും’ എന്ന വിഷയത്തില്‍ ഉച്ചക്ക് 12 മണിക്ക് അഡ്വ.വി.പി.രാധാകൃഷ്ണന്‍, ‘വയോജനങ്ങല്‍ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍’ എന്ന വിഷയത്തില്‍ രണ്ടു മണിയ്ക്ക് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മുന്‍ സൈക്യാട്രി വിഭാഗം മേധാവി ഡോ.കെ.ഷാജി എന്നിവര്‍ സെമിനാര്‍ അവതരിപ്പിക്കും. വൈകീട്ട് നാല് മുതല്‍ ആറ് വരെ ഹാര്‍ട്ട് ടു ഹാര്‍ട്ട് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരുടെ കലാപരിപാടികളും നടക്കും.

ആരോഗ്യവകുപ്പില്‍ തൊഴിലവസരം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലെ ആര്‍.ബി.എസ്.കെ. നഴ്സ്, ഗൈനക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, വി.ബി.ഡി കണ്‍സല്‍റ്റന്റ്, ജെ.പി.എച്ച്.എന്‍, ന്യൂട്രീഷ്യനിസ്റ്റ് തസ്തികകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ http://www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ആറിന് വൈകീട്ട് അഞ്ചിനകം ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ലിങ്കുകള്‍:

ആര്‍.ബി.എസ്.കെ നഴ്സ് :https://bit.ly/3mgetb4

ഗൈനക്കോളജിസ്റ്റ് : https://bit.ly/2ZPqA7P

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് :https://bit.ly/3ijTUcK

വി.ബി.ഡി കണ്‍സല്‍റ്റന്റ് :https://bit.ly/3B92fHu

ജെ.പി.എച്ച്.എന്‍ : https://bit.ly/3zWdh1q

ന്യൂട്രിഷ്യനിസ്റ്റ് : https://bit.ly/3mamMp3

വായ്പ അനുവദിക്കുന്നു

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി) ഗ്രാമീണ മേമഖലയില്‍ ഗ്രാമവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന വായ്പകള്‍ അനുവദിക്കുന്നു. പുതിയ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും നിലവിലുള്ള പിഎംഇജിപി യൂണിറ്റുകളുടെ വികസനത്തിന് ഒരു കോടി രൂപ വരെയും വായ്പ ലഭിക്കും. പൊതു വിഭാഗത്തിന് വായ്പാ തുകയുടെ 25 ശതമാനവും വനിത/പിന്നോക്ക/പട്ടികജാതി – വര്‍ഗ്ഗ/ മതന്യൂനപക്ഷ സംരംഭങ്ങള്‍ക്ക് 35 ശതമാനവും സബ്സിഡി ലഭിക്കും. http://kviconline.gov.in/pmegpeportal വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ‘എന്റെ ഗ്രാമം’ എസ്ഇജിപി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കുള്ള അപേക്ഷ ജില്ലാ ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. 25% മുതല്‍ 40% വരെ സബ്സിഡിയും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2366156.

ലേബര്‍ ഫോഴ്സ് സര്‍വ്വേ – അവലോകന യോഗം നടത്തി

തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ സ്റ്റാറ്റിസ്റ്റിക്കല്‍ എന്യൂമറേറ്റര്‍മാരെയും ഓഫീസര്‍മാരെയും പങ്കെടുപ്പിച്ച് ജില്ലയില്‍ ലേബര്‍ ഫോഴ്സ് സര്‍വ്വേയുടെ അവലോകന യോഗം നടത്തി. പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തൊഴില്‍ മേഖലയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്തു. സ്വയംതൊഴില്‍ ചെയ്യുന്നവര്‍, സാധാരണ തൊഴിലാളികള്‍ തുടങ്ങിയവരുടെ മാസവരുമാനം, ദിവസക്കൂലി,ജോലി ലഭ്യമായ ദിവസങ്ങള്‍ തുടങ്ങിയവയില്‍ 2020 ഏപ്രില്‍ -ജൂണ്‍ കാലഘട്ടത്തില്‍ ഇടിവ് സംഭവിച്ചു.

നഗര പ്രദേശങ്ങളിലേയ്ക്കുള്ള ബുള്ളറ്റിന്‍ പ്രകാരം 2020 ജൂണിലും സെപ്റ്റംബറിലും അവസാനിച്ച പാദങ്ങളില്‍ തൊഴിലില്ലായ്മ നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയതായും യോഗം വിലയിരുത്തി. വിവരശേഖരണം കൂടുതല്‍ മെച്ചപ്പെടുത്താനും പ്രത്യക്ഷത്തില്‍ കാണപ്പെടാത്ത സംരംഭങ്ങള്‍, തൊഴിലുകള്‍, മുഖ്യ തൊഴിലിനോടനുബന്ധിച്ച തൊഴിലുകള്‍, അനൗദ്യോഗിക മേഖല എന്നിവയെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാനും എന്യൂമറേറ്റര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ എഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി.കുമാരന്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം.എം.ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌കൂള്‍ തുറക്കല്‍; കുന്ദമംഗലത്ത് മണ്ഡല തല യജ്ഞത്തിന് തീരുമാനം

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുന്ദമംഗലം മണ്ഡലത്തിലെ സ്‌കൂളുകളില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ശുചീകരണയജ്ഞം ആരംഭിക്കാന്‍ തീരുമാനമാനിച്ചു. നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ കുന്ദമംഗലം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അധ്യാപക സംഘടനാ പ്രതിനിധികളുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

സ്‌കൂള്‍ ശുചീകരണം, സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുളള ആരോഗ്യ ബോധവല്‍കരണം, യാത്രാ സൗകര്യം, വിവിധ തലങ്ങളിലുള്ള സംവിധാനങ്ങളുടെ ഏകോപനം തുടങ്ങിയവയ്ക്കായി ഒക്ടോബര്‍ അഞ്ചിനകം പഞ്ചായത്ത് തലത്തിലും 10നകം സ്‌കൂള്‍ തലത്തിലും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും.

ഒക്ടോബര്‍ 20 നകം ശുചീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മറ്റി ഓരോ സ്‌കൂളും സന്ദര്‍ശിച്ച് മുന്‍കരുതലുകള്‍ വിലയിരുത്തുകയും ചെയ്യും. പി.ടി.എ റഹീം എംഎല്‍എ ചെയര്‍മാനും കുന്ദമംഗലം എഇഒ കെ.ജെ.പോള്‍ കണ്‍വീനറും റൂറല്‍ എഇഒ കെ.പി.അശ്റഫ് കോഡിനേറ്ററും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളുമായി മണ്ഡലതല കമ്മറ്റി രൂപീകരിച്ചു.

യോഗത്തില്‍ പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷാജി പുത്തലത്ത്, ലിജി പുല്‍ക്കുന്നുമ്മല്‍, എം.കെ.സുഹറാബി, ഓളിക്കല്‍ ഗഫൂര്‍, പി.ശാരുതി, പുലപ്പാടി ഉമ്മര്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എന്‍.സജീഷ് നാരായണ്‍, അധ്യാപക സംഘടനാ പ്രതിനിധികളായ എന്‍.സന്തോഷ്‌കുമാര്‍, എം.പി.മുഹമ്മദ് ഇസ്ഹാഖ്, എ.കെ.മുഹമ്മദ് അശ്റഫ് എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം എഇഒ കെ.ജെ.പോള്‍ സ്വാഗതവും റൂറല്‍ എഇഒ പി.സി.ഗീത നന്ദിയും പറഞ്ഞു.

ജില്ലയില്‍ 11,866 കുടുംബങ്ങള്‍ക്ക് ഒക്ടോബര്‍ 15നകം മുന്‍ഗണനാ കാര്‍ഡ്

ജില്ലയില്‍ 11,866 കുടുംബങ്ങള്‍ക്കുകൂടി ഒക്ടോബര്‍ 15നകം മുന്‍ഗണനാ കാര്‍ഡ് നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ 507 മഞ്ഞ കാര്‍ഡുകളും 11,359 പിങ്ക് കാര്‍ഡുകളുമാണ് പുതിയതായി അനുവദിച്ചത്. ഇവ ഒക്ടോബര്‍ 15നകം താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി വിതരണം ചെയ്യും. കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം സെപ്റ്റംബര്‍ 29ന് തിരുവനന്തപുരത്ത് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിച്ചിരുന്നു.

അനര്‍ഹമായി കൈവശം വെച്ച മുന്‍ഗണനാ കാര്‍ഡുകള്‍ നിയമനടപടികള്‍ ഒഴിവാക്കി സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ജില്ലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. മഞ്ഞ, പിങ്ക്, നീല വിഭാഗങ്ങളിലായി മൊത്തം 12,271 കാര്‍ഡുകളാണ് ഇത്തരത്തില്‍ ഇതുവരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി സൗജന്യ ഭക്ഷ്യകിറ്റുകള്‍ ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ വാങ്ങാത്ത മുന്‍ഗണനാ റേഷന്‍ കാര്‍ഡുടമകളെ കണ്ടെത്തി കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായി മുന്‍കൂര്‍ നോട്ടീസ് നല്‍കി വരികയാണ്.

മുന്‍ഗണനാ വിഭാഗത്തിലേക്ക് കാര്‍ഡുകള്‍ മാറ്റുന്നതിന് ധാരാളം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. മുന്‍ഗണനാ കാര്‍ഡുകളുടെ പരമാവധി എണ്ണം കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇതില്‍ ഒഴിവു വരുന്ന മുറയ്ക്ക് മാത്രമേ പുതുതായി ആളുകളെ ഉള്‍പ്പെടുത്താന്‍ കഴിയൂ.

1,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള വീട് സ്വന്തമായുള്ളവര്‍, സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, കുടുംബ മാസവരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍, സര്‍ക്കാര്‍/പൊതുമേഖല/ബാങ്ക്/ സഹകരണ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ല. ഈ വിവരങ്ങള്‍ മറച്ചുവെച്ച് മുന്‍ഗണനാ കാര്‍ഡ് കൈവശപ്പെടുത്തിയവര്‍ക്കെതിരെ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടി സ്വീകരിക്കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. അനര്‍ഹര്‍ ധാരാളമുണ്ടായിട്ടും ശിക്ഷ ഭയന്ന് കാര്‍ഡ് മാറ്റാന്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും അര്‍ഹതയുള്ളവര്‍ക്ക് ഒഴിവുകളില്ലാത്തതിനാല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്തുമാണ് ഉദാരസമീപനം സ്വീകരിച്ച് പിഴയൊടുക്കാതെ തന്നെ ഇത്തരം കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിക്കാനുള്ള അവസരം പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ ഒരുക്കിയത്.

ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികളും സപ്ലൈ ഓഫീസുകളില്‍ സ്വീകരിച്ചുവരികയാണ്. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചു വരുന്നവരെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് 9495998223 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്സ്ആപ്പ് മെസ്സേജ് അയച്ചോ അറിയിക്കാം. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അനര്‍ഹരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.