കോഴിക്കോട് ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ മരുന്നു വിതരണം ഇന്നു മുതൽ



കോഴിക്കോട്: ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കു കോവിഡ് പ്രതിരോധം ഒരുക്കാൻ ഹോമിയോപ്പതി വകുപ്പ് ആവിഷ്കരിച്ച ‘കരുതലോടെ മുന്നോട്ട്’ പദ്ധതിയിലൂടെ ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ഇന്നു മുതൽ 27 വരെ നടക്കും. കോർപറേഷൻ ഉദ്ഘാടനം മലാപ്പറമ്പ് ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ മേയർ ബീനാ ഫിലിപ്പും ജില്ലാതല ഉദ്ഘാടനം എരഞ്ഞിക്കൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും നിർവഹിക്കും.

ജില്ലയിലെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും ഇമ്യൂൺ ബൂസ്റ്റർ മരുന്ന് നൽകുന്നതിന് എല്ലാ ഒരുക്കങ്ങളും ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളിലും പ്രത്യേകം തയാറാക്കിയ കിയോസ്കുകളിലും പൂർത്തിയായെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കവിത പുരുഷോത്തമൻ അറിയിച്ചു. ഓൺലൈൻ പോർട്ടൽ വഴി രക്ഷിതാക്കൾ മരുന്നിനായി റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ സമയത്തു തിരഞ്ഞെടുത്ത സ്ഥാപനത്തിൽ കൃത്യ സമയത്തെത്തി മരുന്ന് കൈപ്പറ്റാം.

https://ahims.kerala.gov.in എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. ഓൺലൈൻ റജിസ്ട്രേഷനു കഴിയാത്തവർക്ക് ആധാർ, ഫോൺ നമ്പറുകൾ നൽകി സ്ഥാപനത്തിലെ സ്പോട്ട് റജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പെടുത്താം. പദ്ധതിയുടെ ജില്ലാ നോഡൽ ഓഫിസറായി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ‍ഡോ. ടി.വൈ.ശ്രീലേഖ, വിദ്യാഭ്യാസ വകുപ്പിന്റെ പോയിന്റ് ഓഫ് കോൺടാക്ട് ആയി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സുരേഷ്കുമാർ പുതിയപുരയിൽ എന്നിവരെ നിശ്ചയിച്ചു.

ടോൾ ഫ്രീ ഹെൽപ് ലൈൻ: 1800–599–2011


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.