കോഴിക്കോട് ജില്ലയി‍ൽ വാക്സീൻ ക്ഷാമം രൂക്ഷം; ഇന്നോ നാളെയോ വാക്സീൻ എത്തുമെന്ന് പ്രതീക്ഷ


കോഴിക്കോട്: ജില്ലയിൽ 45 വയസ്സിനു മുകളിലുള്ളവരിൽ ഒരു ഡോസ് വാക്സീൻ പോലും ലഭിക്കാത്തവർ 4 ലക്ഷത്തോളം. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം, 45 വയസ്സു കഴിഞ്ഞവർ ജില്ലയിൽ ആകെ 12.34 ലക്ഷം പേരുണ്ട്. ഇതിൽ 65% പേർക്കും ആദ്യ ഡോസ് വാക്സീൻ നൽകി. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബാക്കിയുള്ളവർക്കു കൂടി വാക്സീൻ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും രൂക്ഷമായ വാക്സീൻ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഓൺലൈനിൽ സ്ലോട്ട് ലഭിക്കാത്തതും സാധാരണക്കാർക്കു തിരിച്ചടിയാകുന്നുണ്ട്. സ്പോട്ട് റജിസ്ട്രേഷനായി എല്ലാവരെയും പരിഗണിക്കുന്നില്ലെന്നും പരാതികൾ ഉയരുന്നു.

വാക്സിനേഷനിൽ നാലാമത്

ആകെ വാക്സീൻ വിതരണത്തിൽ സംസ്ഥാനത്ത് കോഴിക്കോട് നാലാം സ്ഥാനത്താണ്. എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളാണ് കോഴിക്കോടിനു മുന്നിലുള്ളത്. ആകെ 11.56 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകി. വാക്സിനേഷനിൽ മുൻപിലുള്ള എറണാകുളത്ത് 18 ലക്ഷത്തിലേറെപ്പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ള 4.28 ലക്ഷം പേർ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ 2 ഡോസ് വാക്സീനും സ്വീകരിച്ചത് 4.90 ലക്ഷം പേരാണ്. അതായത് ആദ്യ ഡോസ് എടുത്തവരിൽ 42 ശതമാനം പേര്‍ക്ക് മാത്രമേ രണ്ടാം ഡോസ് ലഭിച്ചിട്ടുള്ളൂ.

വരുമോ വാക്സീൻ ?

നിലവിൽ ജില്ലയിൽ വാക്സീൻ ഇല്ല. ഓരോ ദിവസവും വാക്സീൻ വൈകുന്തോറും രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരുടെ എണ്ണം വർധിക്കുകയാണ്. കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 100 ദിവസം പിന്നിട്ട ഒട്ടേറെപ്പേർക്കു രണ്ടാം ഡോസ് വാക്സീൻ ലഭിക്കാനുണ്ട്. ഇന്നോ നാളെയോ വാക്സീൻ എത്തുമെന്നാണ് പ്രതീക്ഷ.

വാക്സീൻ ലഭിക്കാതെ സ്വകാര്യ ആശുപത്രികൾ

ജില്ലയിൽ 4 സ്വകാര്യ ആശുപത്രികളിലാണു വാക്സീൻ വിതരണം ചെയ്യുന്നത്. ഇവർ ഉൽപാദകരിൽ നിന്നു നേരിട്ടു വാക്സീൻ വാങ്ങുകയാണ്. എന്നാൽ, ആരോഗ്യവകുപ്പ് വഴി വാക്സീൻ ലഭിക്കാൻ അപേക്ഷ നൽകിയ ആശുപത്രികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ജില്ലയിലെ 57 സ്വകാര്യ ആശുപത്രികളാണ് ഇതിനായി അപേക്ഷ നൽകിയത്. ഇന്നലെ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഢി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യം ഒരുക്കുന്നതിന് യോഗത്തിൽ ധാരണയായിട്ടുണ്ടെന്ന് ആർസിഎച്ച് ഓഫിസർ ഡോ.ടി.മോഹൻദാസ് പറഞ്ഞു.

ജില്ലയിൽ ആകെ വിതരണം ചെയ്ത ഒന്നാം ഡോസ്: 11.56 ലക്ഷം
ആകെ വിതരണം ചെയ്ത രണ്ടാം ഡോസ്: 4.90 ലക്ഷം (42 ശതമാനം)
45 വയസ്സിനു മുകളിൽ ആകെ ജനസംഖ്യ– 12.34 ലക്ഷം
ആദ്യ ഡോസ് സ്വീകരിച്ചവർ– 8.03 ലക്ഷം (65 ശതമാനം)
18– 44 വിഭാഗം
ആകെ ജനസംഖ്യ– 12.65 ലക്ഷം
18– 44 വിഭാഗത്തിൽ ആദ്യ ഡോസ് സ്വീകരിച്ചവർ– 3.50 ലക്ഷം (28 ശതമാനം)

എങ്ങനെ ബുക്ക് ചെയ്യാം ?

ജില്ലയിൽ വാക്സീൻ വിതരണം ചെയ്യുന്ന ദിവസങ്ങളുടെ തലേന്നു വൈകിട്ട് 5.30 മുതലാണ് കോവിൻ പോർട്ടലിൽ സ്‌ലോട്ടുകൾ തുറക്കുക. സ്വകാര്യ ആശുപത്രികളിൽ ഈ സമയം ആകണമെന്നില്ല.

ഭാഗ്യ പരീക്ഷണമാണെങ്കിലും http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വൈകിട്ട് 5.30 നു മുൻപ് ലോഗിൻ ചെയ്തു കാത്തിരിക്കുക. ഇടയ്ക്കിടയ്ക്കു സേർച്ച് ബട്ടൺ ഉപയോഗിച്ചു തിരയുക. വൈകിട്ട് 6.15 വരെ ഇടവിട്ടാണ് വിവിധ കേന്ദ്രങ്ങളിലെ സ്ലോട്ടുകൾ തുറക്കുന്നത്. മൊബൈൽ ഫോണിനു പകരം കംപ്യൂട്ടർ ഉപയോഗിച്ചാൽ വാക്സീൻ ലഭിക്കാനുള്ള സാധ്യതയേറും.

ടെലിഗ്രാമിൽ under45.in, above45.in എന്നീ ചാനലുകൾ വഴി വാക്സീൻ സ്ലോട്ടുകൾ കോവിൻ വെബ്സൈറ്റിൽ അപ്‍ഡേറ്റ് ചെയ്യുന്ന സമയമറിയാം. വിവരം ലഭിച്ചാലുടൻ കോവിൻ വെബ്സൈറ്റിലെത്തി ബുക്ക് ചെയ്യണം.

പേയ്ടിഎം, ഹെൽത്തിഫൈ മീ തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴിയും നേരിട്ടു വാക്സീൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാം.