കോഴിക്കോട് ജില്ലയില്‍ വാക്‌സിന്‍ തീര്‍ന്നു, കുത്തിവയ്പ്പ് പ്രതിസന്ധിയില്‍


കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലും ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന് കടുത്ത ക്ഷാമം. ഇന്നലെ മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തിയവര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇനിയൊരറിയിപ്പ് ഉണ്ടാകുംവരെ വാക്‌സിനേഷന് വരേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ട എണ്ണം വാക്‌സിന്‍ ലഭിക്കാത്തതാണ് കുത്തിവയ്പ് മുടങ്ങാന്‍ കാരണം. എന്നാണിനി വാക്‌സിന്‍ സ്റ്റോക്ക് എത്തുക എന്നതുസംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല.

രാജ്യത്താകെയുള്ള വാക്‌സിന്‍ ക്ഷാമത്തിന്റെ തുടര്‍ച്ചയായാണ് ജില്ലയിലും ദൗര്‍ലഭ്യം. ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെ ആവശ്യമനുസരിച്ചുള്ള എണ്ണം വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ആദ്യഘട്ട വാക്‌സിന്‍ ലഭിച്ചവര്‍ക്ക് എന്നാണ് രണ്ടാം ഘട്ട വാക്‌സിന്‍ നല്‍കുക എന്നതു സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്. ആദ്യഘട്ട വാക്‌സിനെടുക്കുമ്പോള്‍ 28 ദിവസത്തിനകം രണ്ടാം ഡോസ് നല്‍കുമെന്നറിയിച്ചിരുന്നു. വാക്‌സിന്‍ ക്ഷാമം കണക്കിലെടുത്ത് 40 ദിവസമാക്കി ഇത് ദീര്‍ഘിപ്പിച്ചു. 44,000 ഡോസ് വാക്‌സിനായിരുന്നു ഞായറാഴ്ച ജില്ലയില്‍ സ്‌റ്റോക്കുണ്ടായിരുന്നത് രണ്ടു ദിവസം കൊണ്ടിത് പൂര്‍ണമായും തീര്‍ന്നു. മെയ് ഒന്നുമുതല്‍ 18 കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.