കോഴിക്കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട്, കൺട്രോൾ റൂം നമ്പറുകൾ


കോഴിക്കോട്: നാളെ കോഴിക്കോട് ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ന്യൂനമര്‍ദ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : 0495 2371002, 1077, 9446538900.

ന്യൂനമര്‍ദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.

* പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

1.അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

2.കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു.

3.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

4.അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

5.സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം.

6.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

7.ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

8.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

9.അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

10.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.