കോഴിക്കോട് ജില്ലയില്‍ നാളെയും മറ്റന്നാളും കോവിഡ് ടെസ്റ്റ് മഹായജ്ഞം; 40,000 പേരെ ടെസ്റ്റിന് വിധേയരാക്കും


 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രോഗബാധിതരെ കണ്ടെത്താനായി നാളെയും മറ്റന്നാളും (വെളളി, ശനി) കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20000 വീതം കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് കലക്ടര്‍ സാംബശിവറാവു ഇക്കാര്യം അറിയിച്ചത്. രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്ത് രോഗം പടരുന്നത് തടയുകയാണ് ലക്ഷ്യം.

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ കൊവിഡ് നിര്‍ണയ ക്യാമ്പുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുക. കഴിഞ്ഞ രണ്ടാഴ്ചയായി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. രോഗവ്യാപനം രൂക്ഷമാകുന്നത് രോഗികളുടെ മരണ നിരക്ക് ഉയരാന്‍ ഇടയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ പ്രതിദിനം 10000 പേരെ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാവരേയും ടെസ്റ്റിന് വിധേയരാക്കി എന്ന് ഉറപ്പുവരുത്തും. വയോജനങ്ങള്‍, മറ്റ് രോഗമുളളവര്‍, ലക്ഷണങ്ങള്‍ ഉളളവര്‍ എന്നിവരേയും കുടുംബശ്രീ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ടെസ്റ്റ് ചെയ്യും. ഷോപ്പുകള്‍, ഹോട്ടലുകള്‍, തിരക്കേറിയ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്, ടാക്സി ജീവനക്കാരെയും നിശ്ചിത ഇടവേളകളില്‍ ടെസ്റ്റിന് വിധേയമാക്കാന്‍ ഉടമകള്‍ സന്നദ്ധരാകണമെന്നും നിര്‍ദേശം.