കോഴിക്കോട് ജില്ലയില്‍ രാത്രിയില്‍ മഴ ശക്തമാകും; മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണം
കോഴിക്കോട്: ഇന്ന് രാത്രി കോഴിക്കോട് ഉള്‍പ്പെടെയുള്ള കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ മഴ ശക്തമായി പെയ്യുകയാണ്.
ചെറിയ തോതിലുള്ള മഴക്കെടുതികള്‍ വടക്കന്‍ കേരളത്തില്‍ നിന്ന് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ആളപായം ഇല്ല. കിഴക്കന്‍ മലയോര പ്രദേശങ്ങളിലാണ് മഴക്കെടുതികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കോടഞ്ചേരിയില്‍ മലവെള്ളപ്പാച്ചിലുണ്ടായി എന്ന വിവരമാണ് ഏറ്റവും അവസാനമായി ലഭിക്കുന്നത്. തിരുവമ്പാടി അങ്ങാടിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു.
വയനാട് ചുരത്തിലെ എട്ട്, ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ക്കിടയില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കല്‍പ്പറ്റയില്‍ നിന്നും മുക്കത്ത് നിന്നുമുള്ള അഗ്നിശമന സേനാ യൂണിറ്റുകളും പൊലീസും ചേര്‍ന്ന് തടസം നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്.
തിരുവമ്പാടി ആനക്കാംപൊയില്‍ പെരുാളിപ്പടിക്ക് സമീപത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിന് മുകളില്‍ തെങ്ങ് വീണു. ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
സമീപജില്ലകളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് നിലവിലുള്ളത്.