കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം വില്ലേജുകളിലൂടെയാണ് അതിവേഗ റെയില്‍പാത കടന്നുപോകുന്നത്? അറിയാം വിശദമായി


കോഴിക്കോട് : കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അതിവേഗ റെയില്‍പാത കടന്നുപോകുന്ന പതിനൊന്ന് ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു. മൂന്നുമാസത്തിനകം സര്‍വ്വേ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഒരുമാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കും.

സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി അതിവേഗ റെയില്‍പാതയുടെ അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ തുടങ്ങി. കോഴിക്കോട് ജില്ലയില്‍ കരുവന്‍തിരുത്തി, ബേപ്പൂര്‍, പന്നിയങ്കര, കോഴിക്കോട് സിറ്റി, കസബ, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, പന്തലായനി, മൂടാടി, തിക്കോടി, വിയ്യൂര്‍, പയ്യോളി, ഇരിങ്ങല്‍, വടകര, നടക്കുതാഴ, ചോറോട്, ഒഞ്ചിയം, അഴിയൂര്‍ വില്ലേജുകളിലൂടെയാണ് റെയില്‍പാത കടന്നുപോകുന്നത്.

11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. തിരുവനന്തപുരത്ത് നിന്ന് 530.6 കിലോമീറ്റര്‍ നാലുമണിക്കൂര്‍കൊണ്ട് പിന്നിട്ട് കാസര്‍കോട്ടെത്തുന്ന സില്‍വര്‍ ലൈനില്‍ 11 സ്‌റ്റേഷനുകളാണുള്ളത്.