കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് നിര്‍ദേശം


കോഴിക്കോട്: കൺടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് കോവിഡ് വ്യാപനം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചു. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ 21 ദിവസത്തേക്ക് യാതൊരുവിധ ഇളവും അനുവദിക്കരുത്.

ടി.പി.ആർ. നിരക്ക് ഉയർന്നുനിൽക്കുന്നത് ആശങ്കാജനകമാണ്. കേരളം ഇപ്പോൾ രോഗവ്യാപനഭീതി കൂടുതലുള്ള സ്ഥിതിയിലാണെന്നും സംഘം വിലയിരുത്തി.

പരിശോധന കൂട്ടാനും ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും കോവിഡ്പ്രതിരോധ നടപടികളിൽ യാതൊരുവിധ രാഷ്ട്രീയതാത്പര്യങ്ങളും കടന്നുകൂടാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കേന്ദ്രസംഘം നിർദേശം നൽകി. വാക്സിനേഷൻ ത്വരപ്പെടുത്തണം, അപാകങ്ങൾ പരിഹരിക്കണം.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്രസർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച സംഘാംഗങ്ങൾ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളും സംഘം പഠനവിധേയമാക്കി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡി.എം. സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി. രവീന്ദ്രൻ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്ടർ ഡോ. കെ. രഘു എന്നിവരുൾപ്പെട്ട സംഘമാണ് കോഴിക്കോട്ടെത്തിയത്.