കോഴിക്കോട് കോവിഡ് പ്രതിസന്ധി രൂക്ഷം; മെഡിക്കല്‍ കോളേജില്‍ ഒറ്റ കിടക്കയും ഒഴിവില്ല, സ്വകാര്യ ആശുപത്രികളും നിറഞ്ഞു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷം. ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
ശരാശരി 4000ത്തോളം കേസുകളാണ് കോഴിക്കോട് ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടി.പി.ആര് 50ന് അടുത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചികിത്സാ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കായി 240 കിടക്കകളില്‍ ഒന്നുപോലും ഒഴിവില്ല. 160 കിടക്കകളും 80 ഐ.സി.യു ബെഡുകളും ഉള്‍പ്പെടെയാണിത്. ബീച്ചാശുപത്രിയില്‍ രണ്ട് വാര്‍ഡുകളാണ് കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഈ വാര്‍ഡുകളില്‍ പത്തുബെഡുകള് മാത്രമാണ് ബാക്കിയുള്ളത്.
മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 54 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇതും ചികിത്സാ പ്രതിസന്ധിയ്ക്ക് ഒരു കാരണമാണ്.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 50% കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെയും രോഗികള്‍ക്ക് കിടക്ക ഇല്ലാത്ത അവസ്ഥയാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രോഗികളുടെ എണ്ണം ഇനിയും കൂടുകയാണെങ്കില്‍ പ്രതിസന്ധിയും കൂടാനിടയുണ്ട്.