കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പനയില്‍ വീഴ്ച ഇല്ല; ടെര്‍മിനലിന് ഗുരുതര ബലക്ഷയമില്ലെന്നും വിദഗ്ധ സമിതി
കോഴിക്കോട്: മാവൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പനയില്‍ വീഴ്ച ഇല്ലെന്ന് വിദഗ്ധ സമിതി. മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു രൂപകല്‍പ്പന. കെട്ടിടത്തിന് ഗുരുതരമായ ബലക്ഷയം ഇല്ലെന്ന് പറഞ്ഞ സമിതി മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് തള്ളി.
ഏറ്റവും പുതിയ ഐ.എസ്. സ്റ്റാന്റേര്‍ഡ് അനുസരിച്ച് വിലയിരുത്തിയതിനാലാകാം ഐ.ഐ.ടി ഇത്തരമൊരു നിഗമനത്തിലെത്തിയത്. 90 ശതമാനം തൂണുകള്‍ക്കും ബലക്ഷയം ഉണ്ടെന്നാണ് ഐ.ഐ.ടി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്ര ഗുരുതരമായ ബലക്ഷയം ഇല്ല. ഇത് ഉറപ്പിക്കാന്‍ വിശദമായ സാങ്കേതിക പരിശോധന വേണമെന്നും വിദഗ്ധ സമിതി പറയുന്നു.
കംപ്യൂട്ടര്‍ ഉപയോഗിച്ച് ഐ.ഐ.ടി. നടത്തിയ പരിശോധനയിലാണ് ബലക്ഷയം കണ്ടെത്തിയത്. അതുകൊണ്ട് ഐ.ഐ.ടി.യെക്കൊണ്ടുതന്നെ ഒരിക്കല്‍കൂടി വിശദപരിശോധന നടത്തണമെന്നും വിദഗ്ധസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
35 ലക്ഷംരൂപ ചെലവഴിച്ചാണ് മദ്രാസ് ഐ.ഐ.ടി.യിലെ സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാരുള്‍പ്പെടുന്ന സംഘം ആദ്യം പഠനം നടത്തിയത്. ഐ.ഐ.ടി. റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതും ഖൊരക്പുര്‍ ഐ.ഐ.ടി., കോഴിക്കോട് എന്‍.ഐ.ടി., തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ട്രക്ച്ചറല്‍ എന്‍ജിനിയറിങ് വിദഗ്ധരാണ്. ഐ.ഐ.ടി. റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ പൂര്‍ണമായി തള്ളുമോ വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് വീണ്ടും പഠനം നടത്തുമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
ഐ.ഐ.ടി. റിപ്പോര്‍ട്ടില്‍ പറയുന്ന പോലെ ഗുരുതരമായ ബലക്ഷയമില്ലെന്നായിരുന്നു വിദഗ്ധസംഘം പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആ നിഗമനംതന്നെയാണ് അന്തിമ റിപ്പോര്‍ട്ടിലുമുള്ളത്.