കോഴിക്കോട് കുതിരവട്ടത്ത് സ്പായുടെ മറവില്‍ പെണ്‍വാണിഭം: രണ്ടുപേര്‍ അറസ്റ്റില്‍


കോഴിക്കോട്: കുതിരവട്ടത്ത് സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. സ്പാ മാനേജറായ മാനന്തവാടി സ്വദേശി പി.എസ് വിഷ്ണു, സ്പായിലേക്ക് എത്തിയ മഞ്ചേരി സ്വദേശി മഹ്‌റൂഫ് എന്നിവരാണ് അറസ്റ്റിലായത്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്തുള്ള നാച്ചുറല്‍ വെല്‍നെസ് സ്പായിലാണ് പൊലീസ് പരിശോധന നടത്തിയത്. ഏതാനും മാസങ്ങളായി സ്പാ പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കേന്ദ്രത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. വയനാട്, ആലപ്പുഴ, പാലക്കാട് സ്വദേശികളാണിവര്‍. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

വയനാട് സ്വദേശി, ക്രിസ്റ്റി, തൃശൂര്‍ സ്വദേശി ഫിലിപ്പ്, ആലുവ സ്വദേശി ജെയ്ക് ജോസ് എന്നിവരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം. ഇവര്‍ ഒളിവിലാണ്.

ഓണ്‍ലൈനിലൂടെയാണ് ഇവര്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. മസാജ് സെന്ററുകള്‍ തിരയുന്നവരുടെ നമ്പറുകള്‍ ശേഖരിച്ച് ഫോണില്‍ ബന്ധപ്പെടുന്നതായിരുന്നു രീതി.

പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.