കോഴിക്കോട് കവര്‍ച്ച സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു; പ്രതിയെ പൊക്കി പോലീസ്


കോഴിക്കോട്: മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച് മോഷ്ടാക്കള്‍. കോഴിക്കോട് എളയേറ്റില്‍ വട്ടോളിയിലാണ് ബിഹാര്‍ സ്വദേശി അലി അക്ബറിനെ വലിച്ചിഴച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികില്‍ നില്‍ക്കുകയായിരുന്ന അലിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. ബൈക്കില്‍ തൂങ്ങിക്കിടന്ന അലിയെ 100 മീറ്റര്‍ ദൂരത്തോളമാണ് പ്രതികള്‍ കെട്ടിവലിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 18, 23 വയസുള്ള രണ്ട് യുവാക്കളെ പോലീസ് പിടികൂടി.

ബൈക്കില്‍ വന്ന രണ്ടംഗ സംഘം റോഡില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിനോട്, ‘ഒരു കോള്‍ വിളിക്കാനാണ്, മൊബൈല്‍ ഫോണ്‍ തരുമോ’ എന്ന് അഭ്യര്‍ത്ഥിച്ചു. അലി മൊബൈല്‍ ഫോണ്‍ ഇയാള്‍ക്ക് നല്‍കി. മോഷ്ടാവ് നമ്പര്‍ ഡയല്‍ ചെയ്ത് ഫോണ്‍ വിളിക്കുന്നതായി അഭിനയിച്ചു. ഈ സമയം തന്നെ അവര്‍ ബൈക്ക് മുന്നോട്ടെടുത്തു. ബൈക്കില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന അലി കൈവിട്ടില്ല. ഇതോടെ ഇയാളെയും വലിച്ചുകൊണ്ട് മോഷ്ടാക്കള്‍ ബൈക്ക് ഓടിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ട നാട്ടുകാര്‍ ബൈക്കിനെ പിന്തുടരുകയായിരുന്നു.

അലി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെങ്കിലും റോഡിലൂടെ വലിച്ചിഴച്ചതിനാല്‍ ശരീരത്തിലെ തൊലി പോയിട്ടുണ്ട്.