കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത: ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട അടക്കം എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ചയോടെ മഴ വീണ്ടും കനക്കും. മൂന്നുനാലു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട് ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയില്‍ അടക്കം ജാഗ്രത തുടരുകയാണ്. മഴക്കെടുതിയില്‍ കൊയിലാണ്ടി, വടകര താലൂക്കുകളിലായി ഒമ്പത് വീടുകളാണ് ഭാഗികമായി നശിച്ചത്. കക്കയം അണക്കെട്ടിലേക്കുള്ള വഴിയില്‍ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.