കോഴിക്കോട് 54 പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം; സാഹചര്യം അതീവഗുരുതരം


കോഴിക്കോട്: ജില്ലയിൽ കോവിഡ് ഡെൽറ്റ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. ജില്ലയിൽ 54 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണു കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന വ്യാപിപ്പിക്കുന്നത്. ഡെൽറ്റ പ്ലസ് സംശയത്തിന്റെ ഭാഗമായി സംസ്ഥാനമാകെ നടത്തിയ പരിശോധനയുടെ ഭാഗമായാണു ജില്ലയിൽ പരിശോധന നടത്തിയത്. ആകെ പരിശോധനയുടെ ഒരു ശതമാനം ഡെൽറ്റ പരിശോധന നടത്തിയിരുന്നു.

ഇതിലാണ് 54 പേർക്കു ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചത്. ഇതു കണ്ടെത്തിയ കുന്നമംഗലം, രാമനാട്ടുകര, പേരാമ്പ്ര, ഒളവണ്ണ, ചെറുവണ്ണൂർ, തിരുവമ്പാടി, തിരുവള്ളൂർ, ചെങ്ങോട്ടുകാവ്, കായക്കൊടി, കോഴിക്കോട് കോർപറേഷൻ (7,11,52 വാർഡുകൾ), മുക്കം, മടവൂർ, മരുതോങ്കര, ഉള്ളിയേരി, ഉണ്ണികുളം എന്നിവിടങ്ങളിലാണ് ഇന്നും നാളെയും മറ്റന്നാളും പരിശോധന നടത്തുന്നത്. ആർടിപിസിആർ പരിശോധന നടത്തി ജനിതക ശ്രേണീകരണം കൃത്യമായി നടത്തിയാലേ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കഴിയൂ എന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു

പേരാമ്പ്ര പഞ്ചായത്ത് പരിധിയിൽ കോവിഡ് പോസിറ്റീവായിരുന്ന രണ്ടുപേർക്ക് ഡെൽറ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 19-ാം വാർഡിലും ഒന്നാം വാർഡിലുമായുള്ള രണ്ടുപേർക്കാണ് വകഭേദംവന്ന വൈറസ് ബാധിച്ചതായി പരിശോധനയിൽ തെളിഞ്ഞത്. മൂന്നുവയസ്സുകാരനും 30 വയസ്സുള്ള സ്ത്രീയുമാണിത്. കഴിഞ്ഞമാസം 27-ന് കോവിഡ് പോസിറ്റീവായിരുന്ന ഇവർ നെഗറ്റീവായിക്കഴിഞ്ഞതാണ്.