‘കോഴിക്കോടിന്‍ മുത്താണിക്ക, നമ്മുടെ മുഹമ്മദ് പേരാമ്പ്ര’; മുഹമ്മദ് പേരാമ്പ്രയെക്കുറിച്ച് അഷ്‌റഫ് നാറാത്ത് പാടിയ ഗാനം വൈറലാവുന്നു


പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും കലാകാരന്മാരുടെ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ, അതിലൊരാള്‍ക്ക് ഒരു പുരസ്‌കാരം ലഭിച്ചപ്പോള്‍ ഒരു പാട്ടെഴുതിക്കൊണ്ടാണ് ബിജു ടി.ആര്‍ സ്‌നേഹാദരമര്‍പ്പിച്ചത്. ആ പാട്ട് ഒരാള്‍ ഏറ്റെടുത്ത് സംഗീതം നല്‍കി പാടിയപ്പോള്‍ പിറന്നത് പേരാമ്പ്രയുടെ സ്വന്തം നാടക കലാകാരന്‍ മുഹമ്മദ് പേരാമ്പ്രയെക്കുറിച്ച് ആവേശമുണര്‍ത്തുന്നൊരു ഗാനം.

‘കോഴിക്കോടിന്‍ മുത്താണിക്ക, നമ്മുടെ മുഹമ്മദ് പേരാമ്പ്ര’ എന്നു തുടങ്ങുന്ന അഷ്‌റഫ് നാറാത്ത് ആലപിച്ച ഗാനം വാട്‌സ്ആപ്പില്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. അഷ്‌റഫ് മുന്‍കൈയെടുത്ത് തുടങ്ങിയ ആര്‍ട്ടിസ്റ്റ് വേദിയെന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് ഈ ഗാനം പിറന്നത്.

അഷ്‌റഫ് നാറാത്ത്

ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ച് അഷ്‌റഫ് തന്നെ പറയും- ‘ മുഹമ്മദ് പേരാമ്പ്രയ്ക്ക് ടിയാര്‍സി സ്മാരക പുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ബിജു ആര്‍ട്ടിസ്റ്റ് വേദിയില്‍ ഒരു കവിതയെഴുതിയിട്ടു. അഷ്‌റഫ്ക്കാ ഇതൊന്ന് പാടിയാല്‍ നന്നാവുമെന്ന് അറിയിച്ചുകൊണ്ട് എനിക്ക് പേഴ്‌സണലായി ഒരു സന്ദേശവും അയച്ചു. ഒരു കവിതപോലെ ഇത് പാടി ഞാന്‍ ബിജുവിന് അയച്ചുകൊടുക്കുകയും ചെയ്തു. കുറച്ചുകൂടി ആവേശം വേണമെന്നായിരുന്നു ബിജുവിന്റെ മറുപടി. അങ്ങനെയാണെങ്കില്‍ നീയിത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യൂ. മറ്റുള്ളവര്‍ക്കു കൂടി ചെയ്യാലോ എന്ന് ഞാന്‍ നിര്‍ദേശിച്ചു. കുറച്ച് ആവേശത്തോടെ ഈ ട്യൂണില്‍ ചെയ്തുകൊണ്ട് ഞാനും പാടി വീഡിയോ ഇട്ടു.’

ഏറെ ആവേശത്തോടെയാണ് പേരാമ്പ്രക്കാര്‍ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. അവാര്‍ഡിനെക്കാളും മികച്ച സമ്മാനമാണിതെന്നാണ് മുഹമ്മദ് പേരാമ്പ്ര ഇത് കേട്ടപ്പോള്‍ പറഞ്ഞതെന്ന് അഷ്‌റഫ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘മുഹമ്മദിക്ക ഞെട്ടിപ്പോയി. പല കലാകാരന്മാരെക്കുറിച്ചും പാട്ടുകള്‍ കേട്ടിട്ടുണ്ട്, എന്നെക്കുറിച്ചും പാട്ട് വന്നല്ലോ’ എന്ന സന്തോഷമായിരുന്നു അദ്ദേഹത്തിനെന്നും അഷ്‌റഫ് പറയുന്നു.