കോളേജുകള്‍ ഇന്ന് തുറക്കും; ക്ലാസുകള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക്, കോളേജില്‍ പോകുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം, നോക്കാം വിശദമായി


കോഴിക്കോട്: കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ നിന്നു കലാലയങ്ങള്‍ ഇന്നുമുതല്‍ സജീവമാകും. കേരളത്തിലെ കോളേജുകൾ ഇന്നു തുറക്കും. അവസാന വർഷ വിദ്യാർഥികൾക്കു മാത്രമാണ് ഇന്നു ക്ലാസുകൾ തുടങ്ങുന്നത്. ഒരു ഡോസ് വാക്സീൻ എടുത്ത വിദ്യാർഥികൾക്കാണു പ്രവേശനം അനുവദിക്കുക.

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇന്നു ക്ലാസുകള്‍ തുടങ്ങുന്നതെങ്കിലും ഒക്ടോബര്‍ 18 മുതല്‍ മറ്റു ക്ലാസുകളും ആരംഭിക്കും. പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികളെയും അനുവദിക്കും.

ഡിഗ്രി ക്ലാസുകളിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ പകുതി വീതം കുട്ടികളെ ഉൾപ്പെടുത്തി ഷിഫ്റ്റ് ഏർപ്പെടുത്താനാണ് നിര്‍ദേശം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കലിനു പ്രാധാന്യം നൽകും. ഇന്നു ആരംഭിക്കുന്ന ക്ലാസുകളില്‍ ഭൂരിഭാഗം കുട്ടികളും 2 ഡോസ് വാക്സീൻ എടുത്തിട്ടുണ്ടെന്നാണു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്.

ക്ലാസുകൾ തുടങ്ങുന്നതിനു മുന്നോടിയായി ക്ലാസ് മുറികളും ലൈബ്രറികളും ലബോറട്ടറികളും ശുചീകരിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. വിദ്യാർഥികൾക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ ആവശ്യമെങ്കിൽ ലഭ്യമാക്കണം. കൂടിച്ചേരലുകൾ കർശനമായി വിലക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ മുതിര്‍ന്ന അധ്യാപകന്‍റെ നേതൃത്വത്തില്‍ കോവിഡ്ജാഗ്രതാ സമിതികള്‍ രുപീകരിച്ചിട്ടുണ്ട്. കോളജുകളില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്നു വാക്സീന്‍ ഡ്രൈവും സംഘടിപ്പിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • മാസ്ക്, ശാരീരിക അകലം, സാനിറ്റൈസർ അടക്കം കോവിഡ് പ്രോട്ടോക്കോൾ നിർബന്ധം
  • രോഗ ലക്ഷണങ്ങളുള്ളവർ കോളേജിൽ പോകരുത്
  • ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ സമ്പർക്കത്തിലുള്ളവർക്ക് ക്വറന്റീൻ
  • കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റൈന്‍ കർശനമായി പാലിക്കണം
  • ഹോസ്റ്റലുകളിൽ ബയോബബിൾ സംവിധാനം കർശനം
  • പേന, പെന്‍സില്‍, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.
  • കൂട്ടംകൂടുന്നതിനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക്
  • സംശയങ്ങൾക്ക് ദിശയിൽ ബന്ധപ്പെടാം – 104, 1056, 0471 2552056