കോരപ്പുഴപാലം നിര്‍മ്മാണം അവസാന ഘട്ടത്തില്‍; ഈ മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും


കൊയിലാണ്ടി: കോരപ്പുഴപാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

പാലത്തിന്റെ ഉപരിതല ടാറിംങ്ങിന് മുമ്പുള്ള മാസ്റ്റിക്ക പ്രവൃത്തി തുടങ്ങി. ടാറിനെ പാലത്തില്‍ ഉറപ്പിക്കാനുള്ള പ്രവൃത്തിയാണിത്. ടാറിംങ് ചൊവ്വാഴ്ച നടക്കും. സര്‍വ്വീസ് റോഡിന്റെ പ്രവൃത്തിയും തുടങ്ങി. ഒന്നരമീറ്റര്‍ വീതിയില്‍ റോഡിന്റെ ഇരു വശങ്ങളിലുമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍ പതിപ്പിക്കുന്ന പ്രവൃത്തിയും നടക്കുന്നു. കോരപ്പുഴ അങ്ങാടിയില്‍ നിന്ന് 150 മീറ്ററും, എലത്തൂര്‍ ഭാഗത്തു നിന്ന് 180 മീറ്ററും നീളത്തില്‍ നിര്‍മ്മിച്ച സമീപന റോഡിന്റെ ടാറിംങ്ങും ഉടനെ തുടങ്ങും.

ഈ മാസം 14 നും ഇരുപതിനുമിടയില്‍ പാലം തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കരയിലും പുഴയിലുമായി എട്ട് തൂണുകളിലാണ് പാലം പണിതിട്ടുള്ളത്. കിഫ്ബിയില്‍ നിന്നുള്ള 28 കോടി ചെലവിട്ട നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക