കോരപ്പുഴ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി; ഫെബ്രുവരി അവസാനത്തോടെ ഗതാഗത യോഗ്യമാകും


എലത്തൂര്‍: കോരപ്പുഴയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പാലത്തിന്റെ ഉപരിതല ടാറിങ്ങും സര്‍വീസ് റോഡുകളുടെ പ്രവൃത്തിയുമാണ് ഇനി ശേഷിക്കുന്നത്. പാലത്തിന്റെ തൂണുകളില്‍ ചായം പൂശുന്ന പ്രവൃത്തി ആരംഭിച്ചു. 12 മീറ്റര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് സുമഗമായി കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചത്. പാലത്തിന് ഇരുവശങ്ങളിലും നടപ്പാതകളുമുണ്ട്. ഇതിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.

പാലത്തിന്റെ ഉപരിതല ടാറിങ് ഫെബ്രുവരി എഴിന് ആരംഭിക്കും. കോരപ്പുഴ അങ്ങാടിയില്‍ നിന്ന് 150 മീറ്ററും എലത്തൂര്‍ ഭാഗത്ത് നിന്ന് 180 മീറ്ററും നീളത്തില്‍ പണിയുന്ന അപ്രോച്ച് റോഡിന്റെ ടാറിങും ഉടന്‍ ആരംഭിക്കും. പ്രളയും കൊവിഡും സൃഷ്ടിച്ച തടസ്സങ്ങളെ കൂടുതല്‍ തൊഴില്‍ദിനങ്ങളുണ്ടാക്കി മറികടന്നാണ് യു.എല്‍.സി.സി. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. പാലത്തില്‍ ദീപ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് ആലോചന.

പഴയ പാലത്തിന് 5.5 മീറ്റര്‍ വീതി മാത്രമുണ്ടായിരുന്ന പഴയ പാലം പെളിച്ചാണ് പുതിയ പാലം പണിതത്. പാലത്തിന് ഏഴ് സ്പാനുകളാണ് ഉള്ളത്. 32 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് സ്പാനുകള്‍ നിര്‍മ്മിച്ചത്. ഇരു കരകളിലും പുഴയിലുമായി നിര്‍മ്മിച്ച എട്ട് തൂണുകളിലാണ് പാലം പണിയുന്നത്. 24.32 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.

12 മീറ്റര്‍ വീതിയും 32 മീറ്റര്‍ നീളവുമാണ് പുതിയ പാലത്തിനുള്ളത്. 7.5 മീറ്റര്‍ റോഡും ഒന്നര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലായി നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. അപകടാവസ്ഥയിലായ പഴയപാലം 2019-ലാണ് പൊളിച്ചുമാറ്റി പുനര്‍നിര്‍മാണം ആരംഭിച്ചത്. കോരപ്പുഴ പഴയ പാലത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന വശങ്ങളിലെ ആര്‍ച്ചുകള്‍ പുതിയ പാലത്തിനും ഉണ്ട്. മന്ത്രി എ.കെ. ശശീന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്ന് 26 കോടിയാണ് പാലം നിര്‍മാണത്തിനായി കിഫ്ബി അനുവദിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തിയത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക