കോണ്‍ഗ്രസിന്റെ ചക്രസ്തംഭനസമരം ഇന്ന് 11 മണിക്ക്; സമരം 15 മിനുട്ട് മാത്രം


തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11. 15 വരെയാണ് സമരം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

കൊച്ചിയില്‍ വഴിതടഞ്ഞുള്ള സമരം വിവാദമായ പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലായിരിക്കും സമരം നടത്തുക. അതേസമയം, സമരത്തിനു ശേഷം നേതാക്കള്‍ ഡിസിസിയില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ജോജുവുമായുള്ള തർക്കത്തിൽ സമവായ സാധ്യതകൾ പൂർണമായും അടഞ്ഞ സ്ഥിതിയാണ്. ജോജുവിന്‍റെ കാർ തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മണി അടക്കം ആറ് പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. സമവായചർച്ചകൾ നിലച്ചതോടെ പ്രതികളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുവെന്ന് കൊച്ചി പൊലീസും വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ രണ്ട് കോൺഗ്രസ് പ്രവർത്തകർ നിലവിൽ റിമാൻഡിലാണ്.

സിപിഎം ഗൂഡാലോചനയാണ് സമവായ നീക്കങ്ങൾക്ക് തിരിച്ചടിയായെന്ന ആരോപണം ആവർത്തിക്കുകയാണ് കോൺഗ്രസ്. ജോജുവിനെതിരെ കേസ് എടുക്കാത്തതിൽ മഹിളാ കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് തുടക്കമിടും. ബുധനാഴ്ചയാണ് മരട് പൊലീസ് സ്റ്റേഷൻ മാർച്ച്.

കൊച്ചിയിലെ ചക്രസ്തംഭന സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും. മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസ്സം ഉണ്ടാകില്ല. റോഡിന്‍റെ ഒരു ഭാഗത്ത് വാഹനങ്ങള്‍ കടന്ന് പോകാന്‍ സൗകര്യമൊരുക്കിയായിരിക്കും സമരം നടത്തുക.

പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ നികുതി കുറച്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങളും വില കുറക്കണം എന്ന നിര്‍ദ്ദേശം നൽകിയിരുന്നു. എൻഡിഎ ഭരിക്കുന്ന പതിനേഴ് സംസ്ഥാനങ്ങളിൽ വില കുറച്ചു. യുപിയും ഹരിയാനയും 12 രൂപ കുറച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും ആകെ പന്ത്രണ്ടാണ് കുറഞ്ഞതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളല്ലാതെ ഒഡീഷയും പഞ്ചാബും മാത്രമാണ് വില കുറച്ചത്. ജമ്മു കശ്മീര്‍, ചണ്ഡീഗഡ്, ലഡാക്ക്, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്രാനഗര്‍ ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചു. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ വില കുറക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ്. വില കുറയ്ക്കാൻ പ്രതിപക്ഷ സംസ്ഥാനങ്ങൾ തയ്യാറാകാത്തത് രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനാണ് ബിജെപി തീരുമാനം.

എന്നാൽ കോൺഗ്രസിൽ നിലപാടു മാറ്റം പ്രകടമാകുന്നുണ്ട്. ഛത്തീസ്ഗഡിൽ ഇപ്പോൾ നികുതി കുറവാണെന്ന് കോൺഗ്രസ് വാദിക്കുന്നു. രാജസ്ഥാനിലടക്കം വില കുറയ്ക്കുന്നത് ആലോചിക്കും എന്ന് പറഞ്ഞാണ് കേരളത്തിലെ സമരത്തെ കോൺഗ്രസ് ന്യായീകരിക്കുന്നത്.