കോട്ടയത്ത് മത്സ്യവ്യാപാരിയെ വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ് ആറ്റില്‍ചാടി; ഫയര്‍ഫോഴ്‌സ് സഹായത്തോടെ പൊലീസ് പിടികൂടി


കോട്ടയം: മത്സ്യവ്യാപാരിയെ അകാരണമായി വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് ആറ്റില്‍ചാടി. കോട്ടയം സംക്രാന്തി വടക്കേക്കുറ്റ് നാസറിനാണ് (61) വെട്ടേറ്റത്. നാസറിന്റെ അയല്‍വാസി ചെട്ടിയോടത്ത് എബിയെ (29) പൊലീസ് അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. സ്‌കൂട്ടറില്‍ മത്സ്യവ്യാപാരം നടത്തുന്ന നാസര്‍ ജോലിയ്ക്കുശേഷം വീട്ടുമുറ്റത്തെത്തിയപ്പോള്‍ അസഭ്യം പറഞ്ഞെത്തിയ എബി അകാരണമായി തലക്ക് വെട്ടുകയായിരുന്നു. നാസര്‍ കൈകൊണ്ട് തടഞ്ഞതിനാല്‍ തലയ്ക്ക് സാരമായ മുറിവ് പറ്റിയിട്ടില്ല. കൈ വിരലിന് മുറിവേറ്റിട്ടുണ്ട്.

ഉടന്‍ തന്നെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ എബി ഓടി മീനച്ചിലാറ്റില്‍ ചാടി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് ഗാന്ധിനഗര്‍ പൊലീസ് എബിയെ പിടികൂടിയത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.