കോടിയേരിയുടെ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എ അസീസ്
മേപ്പയ്യൂര്‍: കേരള പോലീസില്‍ ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി. പി. എ അസീസ്. നരക്കോട് മുസ്ലിം ലീഗ് സമ്മേളനം(നാട്ട്പച്ച) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും സെല്ലുകള്‍ പോലീസിനകത്ത് പ്രവര്‍ത്തിക്കുന്നു എന്നുള്ളത് രാഷ്ട്രീയവത്കരണത്തിന്റെയും വര്‍ഗ്ഗീയവത്കരണത്തിന്റെയും തെളിവാണ്. സി.പി.ഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് കോടിയേരിയുടെ പ്രസ്ഥാവനയെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെ രാഷ്ട്രീയവത്കരിക്കാനുള്ള സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ശ്രമങ്ങള്‍ പോലീസിന്റെ മനോവീര്യം കെടുത്തുന്നതാണെന്നും ഇടത് ഭരണത്തിന്റെ വര്‍ഗ്ഗീയ വത്കരണത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം തുടര്‍ന്നു.
സംഗമത്തില്‍ എ.വി അബ്ദുള്ള, ടി.കെ.എ ലത്തീഫ്, എം.എം അഷ്‌റഫ്, കെ.എം.എ അസീസ്, മുജീബ് കോമത്ത്, കെ.കെ കുഞ്ഞബ്ദുള്ള, നിസാര്‍ മേപ്പയ്യൂര്‍, റാമിഫ് അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.