കോടമഞ്ഞും, പച്ചപ്പും, കുളിര്‍ക്കാറ്റും ഒപ്പം ട്രക്കിംഗും; കണ്ണിന് കുളിര്‍മയേകുന്ന മലപ്പുറത്തെ ഊട്ടിയായ കൊടികുത്തി മലയിലെ മനോഹര ദൃശ്യങ്ങള്‍


പ്രകൃതി കനിഞ്ഞൊരുക്കിയ മനോഹാരിതയും കുളിര് കോരുന്ന കാലാവസ്ഥയുമായി സഞ്ചാരികളുടെ മനം കവരുകയാണ് മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തി മല. എപ്പോഴും വീശിയടിക്കുന്ന കുളിര്‍കാറ്റും കോടമഞ്ഞും പച്ചപിടിച്ചു കിടക്കുന്ന കുന്നിന്‍ ചെരിവുകളുമൊക്കെ കൊടികുത്തി മലയിലേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ പെരിന്തല്‍മണ്ണക്കടുത്ത് താഴേക്കോട് പഞ്ചായത്തില്‍ പെട്ട അമ്മിനിക്കാടന്‍ മലയുടെ ഭാഗമാണ് കൊടികുത്തി മല. ദേശീയ പാതയില്‍ പൊന്ന്യാകുര്‍ശിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ മലമുകളിലെത്താം. ഉച്ചവെയിലിനു പോലും കുളിരാണിവിടെ.

പെരിന്തല്‍മണ്ണയ്ക്ക് അടുത്തുള്ള ഈ കുന്ന് മലപ്പുറം ജില്ലയിലെ തന്നെ വലിയ കുന്നാണ്. 12 കിലോമീറ്റര്‍ ദൂരമാണ് പെരിന്തല്‍മണ്ണയില്‍ നിന്നും യാത്രക്കാരുടെ പ്രിയപ്പെട്ട ഈ മലയിലേക്ക്. സമുദ്ര നിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നടത്തിയ സര്‍വ്വേയുടെ കൊടി നാട്ടിയതിനാലാണത്രേ ഈ പ്രദേശത്തിന് കൊടികുത്തി മല എന്ന പേര് വന്നത്. അയല്‍ ജില്ലകളില്‍ നിന്നു പോലും ഇപ്പോള്‍ നിരവധി പേരാണ് സഞ്ചാരികളായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നത്.

മലമുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ഗ്രാമങ്ങളുടെ ദൂരക്കാഴ്ച സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നു. കോഴിക്കോട് കടല്‍ വരെയും മണ്ണാര്‍ക്കാട് ഡാം വരെയുള്ള പ്രദേശങ്ങളുടെ ദൂരക്കാഴ്ച ഇവിടെ നിന്ന് സാധ്യമാകും. ദൂരക്കാഴ്ചകള്‍ കാണാനായി ടൂറിസം വകുപ്പ് നിരീക്ഷണ ഗോപുരവും മലമുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വടക്കുഭാഗത്തുള്ള തെക്കന്‍മല ,പടിഞ്ഞാറു മണ്ണാര്‍മല,കിഴക്ക് ഭാഗത്തുള്ള ജനാധിവാസ കേന്ദ്രങ്ങള്‍,പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍,തെക്ക് ഭാഗത്തു സൈലന്റ്വാലിയില്‍ നിന്നുമൊഴുകുന്ന കുന്തിപ്പുഴ,എന്നിവ കാണാന്‍ കഴിയും.

ആളുനിന്നാല്‍ കണാത്ത അത്ര ഉയരത്തിലുള്ള പുല്‍മേടുകളും വളരെ പെട്ടെന്ന് മാറുന്ന കാലാവസ്ഥയും ഈ കുന്നിന്റെ പ്രത്യേകത ആണ്. കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പ് പോലുള്ള മേഖലയും ഇവിടെയുണ്ട്. മലമുകളിലെ പുല്‍മേട് വനംവകുപ്പിന്റെ കീഴിലുള്ളതാണ്.ഏകദേശം 91 ഹെക്ടര്‍ വിസ്തൃതി ഈ വനത്തിനുണ്ട്.

കാറ്റും, സന്ധ്യയാകുമ്പോള്‍ മഞ്ഞ് നിറയുന്നതും കൊടികുത്തിമലയുടെ മനോഹരമായ ദൃശ്യസമ്മാനങ്ങളാണ്. പച്ചപ്പുപുതച്ച് മനോഹരിയായി നില്‍ക്കുകയാണ് കൊടികുത്തിമല. മഴപെയ്ത് പുല്‍ക്കാടുകള്‍ മുളച്ചതോടെയാണ് മലപ്പുറം ജില്ലയിലെ താഴേക്കാട് പഞ്ചായത്തിലുള്ള കൊടികുത്തിമല സന്ദര്‍ശകര്‍ക്ക് ഉന്മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴയെ വകവെക്കാതെയും ആളുകളെത്താറുണ്ട്.

പെരിന്തല്‍മണ്ണയില്‍നിന്ന് മേലാറ്റൂര്‍ റോഡില്‍ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂര്‍ റോഡ് വഴി ആറുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്സണ്‍ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കുള്ള റോഡ്. തേലക്കാട്ടുനിന്ന് ആറ് കിലോമീറ്റര്‍ ദൂരമാണ് മലമുകളിലേക്ക്.

കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാലും മലമുകളിലെത്താം. ഈ വഴി ഓഫ്‌റോഡിങ്ങ് സവാരിക്ക് വളരെ പ്രസിദ്ധമാണ്.