കോടതിവിധി ഉണ്ടായിട്ടും പൊതുശ്മശാനം നിര്‍മ്മിക്കുന്നില്ല; കൂരാച്ചുണ്ട് പഞ്ചായത്തിനെതിരെ പൊതുശ്മശാന സംരക്ഷണ സമതിയുടെ ധര്‍ണ്ണ
കൂരാച്ചുണ്ട്: അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും പൊതുശ്മശാനം നിര്‍മ്മാണം ആരംഭിക്കാതെ പഞ്ചായത്ത് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് പൊതുശ്മശാന സംരക്ഷണ സമിതി ധര്‍ണ്ണ നടത്തി. പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധര്മ്ണ കൂരാച്ചുണ്ട് സെയിന്റ് തോമസ് ഫെറോന പള്ളി വികാരി ഫാദര്‍ ജെയിംസ് വാമറ്റം ഉദ്ഘാടനം ചെയ്തു.
പൊതുശ്മശാന സംരക്ഷണസമിതി ചെയര്മാന് ബാലകൃഷ്ണന് കുറ്റിയാപ്പുറത്ത് അധ്യക്ഷനായി. കണ്‍വീനര്‍ ഷിബു ജോര്‍ജ് കട്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ഒ.ഡി. തോമസ്, ബിജു കടലാശ്ശേരി, അശോകന് കുറുങ്ങോട്ട്, തങ്കപ്പന് ചരളിയില്‍, ജമീല സിമിയാസ്, പ്രേമന് തൂംകുഴിയില്‍, വസന്ത പുനത്തില്‍, കുഞ്ഞിക്കണാരന്‍ നാളാംവീട്ടില്‍, ഷീബ ബാലകൃഷ്ണന്, തുടങ്ങിയവര്‍ സംസാരിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അതിനിടെ, പഞ്ചായത്തില്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പൊതുശ്മശാനം നിര്‍മ്മിക്കാനുള്ള കോടതി ഉത്തരവുപ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുറഹീം അറിയിച്ചു. ശ്മശാന നിര്‍മാണത്തിന് കിഫ്ബി മുഖേനയുള്ള സഹായധനം ലഭിക്കുന്നതിന് ഇംപാക്ട് കേരളയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ സഹായധനം ലഭ്യമാകുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു ചെലവും പഞ്ചായത്ത് വഹിക്കേണ്ട സാഹചര്യമില്ല.
തുടര്‍നടപടികളുടെ ഭാഗമായി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കേണ്ടതുണ്ട്. ശ്മശാന നിര്‍മ്മാണത്തോടുള്ള പ്രദേശവാസികളുടെ ഭീതിയും എതിര്‍പ്പും കുറയ്ക്കുന്നതിനും കൂടുതലുള്ള സ്ഥലം ഉപയോഗപ്പെടുത്തുന്നതിനുമായി ശ്മശാന നിര്‍മാണത്തിനുശേഷം ബാക്കിവരുന്ന സ്ഥലത്ത് അനുയോജ്യമായ രീതിയില്‍ കളിസ്ഥലവും ദുരിതാശ്വാസ ഷെല്‍ട്ടറും സ്ഥാപിക്കുന്നതിന് സര്‍ക്കാരിനോട് അപേക്ഷിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.