കോടതി ഉത്തരവുമായി വീട്ടിലെത്തിയ ഭാര്യയെ തടഞ്ഞ് പാര്‍ക്ക് ഉടമയും ബന്ധുക്കളും; വേളത്തെ എം.എം പാര്‍ക്കില്‍ സംഘര്‍ഷം; പാര്‍ക്ക് ഉടമയ്‌ക്കെതിരെ കേസ്
വേളം: വേളം പെരുവയലിലെ എം എം അഗ്രി പാര്‍ക്കില്‍ സംഘര്‍ഷം. പാര്‍ക്ക് ഉടമയായ അബ്ദുല്‍ ലത്തീഫിന്റെ ദാമ്പത്യപ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിനു വഴിവെച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുല്‍ ലത്തീഫിനെതിരെ പ്രൊട്ടക്ഷന്‍ നിയമം ലംഘിച്ചതിന് കേസെടുത്തിട്ടുണ്ടെന്ന് കുറ്റ്യാടി എസ്.ഐ ഷാജിദ് കെ. പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
അബ്ദുല്‍ ലത്തീഫും ഭാര്യ ജിംസീനയുമായി ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ജിംസീന അബ്ദുല്‍ ലത്തീഫിനെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം പരാതി നല്‍കുകയും അതേത്തുടര്‍ന്ന് പ്രൊട്ടക്ഷനോടുകൂടി അബ്ദുല്‍ ലത്തീഫിന്റെ എം.എം പാര്‍ക്കിനുള്ളിലെ വീട്ടില്‍ താമസിക്കാന്‍ കോടതിയില്‍ നിന്നും അനുമതി നേടുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കഴിഞ്ഞദിവസം വീട്ടിലെത്തിയ ജിംഷീനയെ ലത്തീഫും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.
അബ്ദുല്‍ ലത്തീഫിന്റെ രണ്ടാം വിവാഹവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസമായി എം.എം അഗ്രി പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാറില്ലായിരുന്നു. കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട അഗ്രി ഫാമുകളിലൊന്നാണ് എം.എം അഗ്രി പാര്‍ക്ക്. കോവിഡ് കാലത്തും ഇവിടെ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.