കോടതി ഉത്തരവുണ്ടായിട്ടും മകനെ കാണാൻ അനുവദിക്കുന്നില്ല; ഭാര്യയുടെ വീട്ടുപടിക്കല്‍ പന്തല്‍കെട്ടി ഭര്‍ത്താവിന്റെ സമരം
വടകര: മകനെ കാണാന്‍ കോടതി ഉത്തരവുണ്ടായിട്ടും അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയുടെ വീട്ടുപടിക്കല്‍ ഭര്‍ത്താവിന്റെ ഉപവാസ സമരം. ചൊമ്പാല സ്വദേശി ബൈത്തുല്‍ നൂറില്‍ കേളോത്ത് മുഹമ്മദ് മുഷ്താഖാണ് മാടാക്കരയിലെ ഭാര്യവീട്ടിനു മുന്നില്‍ ഉപവാസം നടത്തുന്നത്.
രണ്ടരവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് മുഷ്താഖും ഭാര്യയും. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഭാര്യ വീടുവിട്ട് പോകുകയായിരുന്നു. വിവാഹമോചവുമായി ബന്ധപ്പെട്ട കേസ് വടകര കുടുംബക്കോടതിയില്‍ നിലനില്‍ക്കുകയാണ്.
ഒന്നരവയസുള്ള മകനെ കാണാനായി അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഷ്താഖ് കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്നും അനുകൂല വിധി നേടുകയും ചെയ്തതാണ്. എന്നാല്‍ ഭാര്യയുടെ ബന്ധുക്കള്‍ ഭാര്യയെയും കുഞ്ഞിനെയും വിദേശത്തേക്ക് കടത്തിയെന്നാണ് മുഷ്താഖ് പറയുന്നത്. തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്നും മുഷ്താഖ് പറയുന്നു.
വെള്ളിയാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം മാടാക്കരയിലെ ഭാര്യവീട്ടിലെത്തി പന്തല്‍കെട്ടി സമരം തുടങ്ങുകയായിരുന്നു. നാട്ടുകാരുടെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍പഠനത്തിനായി മകളെ വിദേശത്തേക്ക് അയച്ചതാണെന്നും വീടിനു മുന്നില്‍ സമരം ചെയ്യുന്നത് അപമാനിക്കാനുള്ള ശ്രമമാണെന്നും നിയമപരമായി നേരിടുമെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.