കോടഞ്ചേരി വട്ടച്ചിറ കോളനിയില്‍ മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ മാവോയിസ്റ്റ് സംഘം വീടുകളിലെത്തി ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോയി


കോടഞ്ചേരി: പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ രണ്ടു വീടുകളില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തി അരിയും തക്കാളിയും വാങ്ങിക്കൊണ്ടുപോയി. കഴിഞ്ഞ 16ന് രാത്രിയാണ് മാവോയിസ്റ്റുകള്‍ വീട്ടില്‍ വന്നതെന്നും ഭയം മൂലമാണ് പുറത്ത് പറയാതിരുന്നതെന്നും കോളനി നിവാസികള്‍ പറഞ്ഞു. വട്ടച്ചിറ ആദിവാസി കോളനിയില്‍ വട്ടച്ചിറ വനത്തിനോട് ചേര്‍ന്നുള്ള നീരാറ്റുകുന്ന് ഭാഗത്ത് താമസിക്കുന്ന ബാബുവിന്റെ വീട്ടിലും സുരേഷിന്റെ വീട്ടിലുമാണ് സംഘം എത്തിയത്.

16ന് രാത്രി ഏഴിന് ബാബുവിന്റെ വീട്ടിലും ഒന്‍പതിന് സുരേഷിന്റെ വീട്ടിലും സംഘം എത്തിയതായും മാവോയിസ്റ്റുകളാണെന്നു സ്വയം പരിചയപ്പെടുത്തുകയും കോളനിയില്‍ കുടിവെള്ളത്തിന്റെ പ്രശ്‌നം ഉണ്ടോ എന്നും തുടങ്ങി കോളനിക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ചോദിച്ചതായും ഇവര്‍ പറഞ്ഞു.

പൊലീസ് എത്തി അന്വേഷണം നടത്തി. ഫോട്ടോ കാണിച്ചതില്‍ നിന്ന് ജയണ്ണ, കോട്ട ഹോണ്ട രവി, സന്തോഷ് എന്നിവരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മേഖലയില്‍ ഇതിനു മുന്‍പും മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ട്.