കൊശമറ്റം ഫിനാന്‍സിന്റെ പേരാമ്പ്ര ശാഖയില്‍ മുക്കു പണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി


പേരാമ്പ്ര: കൊശമറ്റം ഫിനാന്‍സില്‍ മുക്കു പണ്ടം പണയം വച്ച് പണം തട്ടിയതായി പരാതി. ഫിനാന്‍സിന്റെ പേരാമ്പ്ര ശാഖയില്‍ നിന്നാണ് മൂന്ന് തവണയായി 72.6 ഗ്രാം മുക്കു പണ്ടം പണയം വച്ച് രണ്ട് ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപ കൈപ്പറ്റിയത്. ബാങ്ക് മേനേജറുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് തവണയാണ് ബേങ്കില്‍ മുഹമ്മദ് റിഹാദ് എന്ന് പേരുള്ള വ്യക്തി സ്വര്‍ണ്ണം പണം വെച്ച് പണം വാങ്ങിയത്. ജൂലൈ ഏഴ്, ഓഗസ്റ്റ് 18, 26 തിയ്യതികളിലായിരുന്നു അത്. പണയ സമയത്ത് സ്വര്‍ണ്ണം ഉരച്ച് നോക്കിയിരുന്നെങ്കിലും വ്യത്യാസമൊന്നും തോന്നിയിരുന്നില്ല. ബേങ്ക് അപ്രൈസറുടെ പരിശോധന സമയത്ത് സംശയം തോന്നിയതിനെ തുടര്‍ന്ന് സ്വര്‍ണ്ണം ജുവലറിയില്‍ കൊണ്ട് പോയി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണമല്ലെന്നും ചെമ്പ് കൊണ്ടാണ് ആഭരണങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും മനസിലായതെന്ന് ബേങ്ക് മാനേജര്‍ മാത്യൂ ഇ.ഒ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സ്വര്‍ണ്ണത്തിലെ തിരിമറി മനസിലായതിനെ തുടര്‍ന്ന് പണയം വെച്ച മുഹമ്മദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ബാങ്കില്‍ നല്‍കിയിരുന്ന അഡ്രസും ഫോണ്‍ നമ്പറും വ്യാജമാണ്. ഇതിനെ തുടര്‍ന്ന് ബേങ്ക് അധീകൃതര്‍ പേലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.