കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും


കോഴിക്കോട്: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കുമെന്ന് കോഴിക്കോട് കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി. ടി.പി.ആര്‍ മുപ്പത് ശതമാനത്തിന് മുകളിലായത് കൊണ്ടാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കൂടുതല്‍ തിരക്കുള്ള വാഹനങ്ങളില്‍ ആര്‍.ടി.ഒ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബീച്ച്, മാളുകള്‍ എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കാനായി പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലിയില്‍ പൊതുയോഗങ്ങള്‍ വിലക്കേര്‍പ്പെടുത്തി. കൂടാതെ ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ദിനം പ്രതി ജില്ലയില്‍ കോവിഡ് കേസുകളും ടി.പി.ആര്‍ നിരക്കും ഉയരുകയാണ്. രണ്ടായിരത്തിന് മുകളില്‍ കേസുകളാണ് ജില്ലയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 32.67 ശതമാനമായിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജില്ലയില്‍ കോവിഡ് കേസുകള്‍ 1500 ന് മുകളിലും ടി.പി.ആര്‍ മുപ്പതിന് മുകളിലും തുടരുന്നത്.