കൊവിഡ് വാക്‌സിന്‍ ലഭിക്കാനുള്ളവരുടെ പട്ടികയില്‍ പേരില്ല; ഗവ. ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാര്‍ സമരം തുടങ്ങി


കോഴിക്കോട്: കോവിഡ് വാക്‌സിന്‍ ലഭിക്കാനുള്ള പട്ടികയില്‍ പേരുപോലുമില്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. വാക്‌സിന്‍ ലഭിച്ച ശേഷം മാത്രമേ രോഗികളുമായി ഇടപഴകുന്ന ജോലി ചെയ്യൂ എന്ന നിലപാടിലാണ് ഹൗസ് സര്‍ജന്‍മാര്‍. കോളജ് ക്യാംപസില്‍ പ്രകടനം നടത്തിയശേഷം പ്രിന്‍സിപ്പലിന്റെ ചേംബറിനു മുന്‍പില്‍ ധര്‍ണ നടത്തി. ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വി.ആഷിക്, ട്രഷറര്‍ ഡോ. വി.ഷഫീഖ്, ഡോ. പി.നിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

44 ഹൗസ് സര്‍ജന്‍മാരാണ് നിലവില്‍ ഡെന്റല്‍ കോളജിലുള്ളത്. ഏപ്രില്‍ ഇരുപതിനാണ് ഇവര്‍ക്ക് ഹൗസ് സര്‍ജന്‍സി തുടങ്ങിയത്. അന്നുമുതല്‍ ഇവര്‍ കോവിഡുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയാണ് ഇവര്‍. വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ പരിഗണിക്കുകആരോഗ്യ പ്രവര്‍ത്തകരെയാണ് പരിഗണിക്കുക എന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ഹൗസ് സര്‍ജന്‍മാരുടെ പട്ടിക തയാറാക്കി കോളജ് ഓഫിസില്‍ നല്‍കിയതാണ്. എന്നാല്‍ ഓഫിസില്‍ നിന്ന് പേര് ചേര്‍ക്കാത്തതാണ് തങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ തടസ്സമായതെന്ന് ഹൗസ് സര്‍ജന്‍മാര്‍ പറയുന്നത്. പേര് ചേര്‍ക്കാത്തതിനാല്‍ വാക്‌സിന്‍ ലഭിക്കാനുള്ളവരുടെ പട്ടികയില്‍ പോലും തങ്ങള്‍ ഉള്‍പെട്ടിട്ടില്ലെന്നു ഹൗസ് സര്‍ജന്‍മാര്‍ പറഞ്ഞു.

ഇരുന്നൂറോളം ബിഡിഎസ് വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. ഇവരുടെ പേരും പട്ടികയിലില്ല. ഹൗസ് സര്‍ജന്‍മാര്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കാത്ത പ്രശ്‌നം ജില്ലാ മെഡിക്കല്‍ ഓഫിസിലെ കോവിഡ് സെല്ലില്‍ അറിയിച്ചിട്ടുണ്ടെന്നു പ്രിന്‍സിപ്പല്‍ ഡോ. ഗില്‍സ കെ. വാസുണ്ണി പറഞ്ഞു. ഈ മാസം 6നും 10നും ഇടയില്‍ എല്ലാവരുടെയും പേര് പട്ടികയില്‍ ചേര്‍ത്ത് അടുത്ത ഘട്ടത്തില്‍ ഡെന്റല്‍ കോളജിനു പ്രഥമ പരിഗണന നല്‍കാമെന്നു ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക