കൊവിഡ് വാക്സിനുകളുടെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്
പാറ്റ്ന: കൊവിഡ് വാക്സിനെ കുറിച്ച് രാജ്യത്തെ ജനങ്ങളുടെ മനസിൽ ആത്മവിശ്വാസം സൃഷ്ടിക്കാൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ബീഹാറിൽ നിന്നുളള കോൺഗ്രസ് എംഎൽഎ അജീത് ശർമയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജനങ്ങളുടെ ആത്മവിശ്വാസം നേടാൻ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് പരസ്യമായി സ്വീകരിച്ച റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെയും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയും മോദി മാതൃകയാക്കണമെന്നും ശർമ ആവശ്യപ്പെട്ടു.
പുതുവർഷത്തിൽ രണ്ട് വാക്സിനുകൾ ലഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ ജനങ്ങൾക്കിടയിൽ ഇതിനെപ്പറ്റി സംശയമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് പറയുന്നത്. ഭാരത് ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും നിർമ്മിച്ച വാക്സിനുകളുടെ ക്രെഡിറ്റ് സ്വന്തമാക്കാൻ ബിജെപി ശ്രമിക്കുകയാണ്. കൊവിഡ് വാക്സിനുകൾ വികസിപ്പിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും കോൺഗ്രസിന്റെ കാലത്താണ് സ്ഥാപിതമായതെന്ന് ബിജെപി നേതാക്കൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.