കൊവിഡ് മാനദണ്ഡം പാലിച്ചില്ല; നടന്‍ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്ത് എലത്തൂര്‍ പോലീസ്


കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് നടന്‍ മ്മൂട്ടിക്കും നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കുമെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവെക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഇരുവരും ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

മെയ്ത്ര ആശുപത്രിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ തീവ്രപരിചരണ ബ്ലോക്കില്‍ ഇരുവരും എത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.

ഉദ്ഘാടനച്ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നതെങ്കിലും അതിന് ശേഷമാണ് ആളുകള്‍ നടന്മാരുടെ ചുറ്റുംകൂടിയതെന്നാണ് റിപ്പോര്‍ട്ട്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവര്‍ക്കെതിരെയും കേസുണ്ട്.