കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.ഭൂരിഭാഗം രോഗികളും വീടുകളിലാണ്. അതിനു സൗകര്യമില്ലാത്തവര്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ കഴിയുന്നു. 138 ഡിമിസിലറി കെയര്‍ സെന്ററുകള്‍ സംസ്ഥാനത്ത് ഉണ്ട്. ഇതിനു പുറമേ മറ്റു സജ്ജീകരണങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ പദ്ധതിയില്‍ എമ്പാനല്‍ ചെയ്യാന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു.

കാരുണ്യ പദ്ധതിയുടെ ഭാഗമായി 106 ആശുപത്രികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 165 ആയി ഉയര്‍ന്നുകഴിഞ്ഞു. ഇതുവഴി സ്വകാര്യ ആശുപത്രികളിലെ രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. ഈയിനത്തില്‍ 88 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കാരുണ്യ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാവണം.

സ്വകാര്യ ആശുപത്രികള്‍ തങ്ങളുടെ ബെഡുകളുടെ സ്റ്റാറ്റസ് ഓരോ നാലു മണിക്കൂറിലും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.