കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ രാത്രികാല കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പുനരാരംഭിച്ചില്ല: കോഴിക്കോട്-പേരാമ്പ്ര റൂട്ടിലെ യാത്രക്കാര്‍ ദുരിതത്തില്‍; അധികൃതര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യം


സ്വന്തം ലേഖകൻ

പേരാമ്പ്ര: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച കോഴിക്കോട്-പേരാമ്പ്ര റൂട്ടിലെ കെ.എസ്.ആര്‍.ടി.സിയുടെ രാത്രികാല ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍. കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ദിവസവും പോകേണ്ട നൂറുകണക്കിന് യാത്രക്കാരാണ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ രാത്രിസമയത്ത് വലയുന്നത്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജോലിക്കായും പഠനത്തിനായും മറ്റ് ആവശ്യങ്ങള്‍ക്കായും കോഴിക്കോട് പോയി വരുന്ന സ്ഥിരം യാത്രക്കാരും കോഴിക്കോട് ട്രെയിന്‍ ഇറങ്ങി പേരാമ്പ്ര ഭാഗത്ത് പോകേണ്ട യാത്രക്കാരുമാണ് ബസ് സര്‍വ്വീസ് പുനരാരംഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്. ജനജീവിതം സാധാരണനിലയിലായിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കണ്ണുതുറക്കാത്തതില്‍ കടുത്ത പ്രതിഷേധമാണ് യാത്രക്കാര്‍ക്കുള്ളത്.

സ്വന്തം നാട്ടിലേക്കുള്ള ബസ് കാത്ത് ദിവസവും മണിക്കൂറുകളോളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ കാത്തുകിടക്കേണ്ട ദുരവസ്ഥയ്ക്ക് ഉടന്‍ പരിഹാരം വേണം എന്നാണ് യാത്രക്കാരുടെ ആവശ്യം. മറ്റൊരു വഴിയുമില്ലാതെ ഇരുചക്രവാഹനങ്ങളിലേക്ക് യാത്ര മാറ്റിയവരും വന്‍ തുക കൊടുത്ത് കോഴിക്കോട് നിന്ന് പേരാമ്പ്രയ്ക്ക് ഓട്ടോറിക്ഷ വിളിച്ച് പോകുന്നവരും വരെ ഉണ്ട് എന്നത് ബസ് സര്‍വ്വീസുകള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് എത്രത്തോളം രൂക്ഷമാണെന്ന് കാണിക്കുന്നു.

കെ.എസ്.ആർ.ടി.സി തൊട്ടില്‍പാലം ഡിപ്പോ

കോഴിക്കോട് നിന്ന് കുറ്റ്യാടിയ്ക്കും തൊട്ടില്‍പാലത്തേക്കും പോകുന്ന ബസ്സുകളെയാണ് പേരാമ്പ്രയിലേക്കുള്ള യാത്രക്കാര്‍ ആശ്രയിക്കുന്നത്. പകല്‍ സമയത്ത് ധാരാളം ബസ്സുകള്‍ ഈ റൂട്ടില്‍ ഉണ്ട്. എന്നാല്‍ രാത്രി 8:45 നുള്ള സര്‍വ്വീസ് കഴിഞ്ഞാല്‍ പിന്നെ ബസ് കിട്ടണമെങ്കില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കണം.

പുലര്‍ച്ചെ ഒന്നരയ്ക്ക് കോഴിക്കോട് എത്തുന്ന തിരുവനന്തപുരത്ത് നിന്ന് വരുന്ന ബസ്സാണ് പിന്നീടുള്ള ആശ്രയം. ദീര്‍ഘദൂര സര്‍വ്വീസ് ആയതിനാല്‍ മിക്കവാറും വൈകിയാണ് ഈ ബസ് എത്തുക. ഏതെങ്കിലും കാരണവശാല്‍ ഈ സര്‍വ്വീസ് മുടങ്ങിയാല്‍ പിന്നെ പിറ്റേന്ന് രാവിലെ മാത്രമേ അടുത്ത സര്‍വ്വീസ് ഉണ്ടാകൂ.

കൊവിഡ് ലോക്ക്ഡൗണിന് മുമ്പ് രാത്രി ഒമ്പത് മണി മണി മുതല്‍ അഞ്ച് സര്‍വ്വീസുകളാണ് തൊട്ടില്‍പാലത്തേക്ക് കെ.എസ്.ആര്‍.ടി.സി നടത്തിയിരുന്നത്. ഒമ്പത് മണി, ഒമ്പതര, പത്ത് മണി, പത്തര, പതിനൊന്നര എന്നീ സമയങ്ങളിലായിരുന്നു ഈ സര്‍വ്വീസുകള്‍. യാത്രക്കാരുടെ എണ്ണം വര്‍ധിച്ച ഈ സമയത്ത് ഈ സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് പ്രശ്‌നമെന്ന് വെള്ളിയൂര്‍ സ്വദേശിയും ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരനുമായ ഷമീര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പേരാമ്പ്ര വഴി തൊട്ടിൽപാലത്തേക്ക് പോകുന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസ് കോഴിക്കോട് സ്റ്റാന്റിൽ

തൊട്ടില്‍പാലം ഡിപ്പോയാണ് ഈ സര്‍വ്വീസുകള്‍ നടത്തുന്നത്. അവിടെ നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നല്ല, മറിച്ച് ഉണ്ടായിരുന്ന സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പേരാമ്പ്ര ഭാഗത്തേക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാരാണ് രാത്രിയില്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ കാത്തുനില്‍ക്കാറെന്നും ഷമീര്‍ പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


നിലവില്‍ രാത്രി എട്ടേ മുക്കാലിനാണ് കോഴിക്കോട് നിന്ന് തൊട്ടില്‍പാലത്തേക്കുള്ള അവസാന സര്‍വ്വീസ് എന്ന് തൊട്ടില്‍പാലം ഡിപ്പോയിലെ ഉദ്യോഗസ്ഥന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അടുത്ത ദിവസം മുതല്‍ തന്നെ രാത്രി മറ്റൊരു സര്‍വ്വീസ് കൂടി ആരംഭിക്കും. രാവിലെ എറണാകുളം പോയി രാത്രി തിരിച്ചെത്തുന്ന ബസ്സാകും ഇത്. രാത്രി 11 മണിക്ക് ശേഷമാകും ഇത് കോഴിക്കോട് എത്തുകയെന്നും തൊട്ടില്‍പാലം ഡിപ്പോയിലെ ഉദ്യോഗസ്ഥന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കെ.എസ്.ആർ.ടി.സി തൊട്ടില്‍പാലം ഡിപ്പോ

യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി ഹെഡ് ഓഫീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഒരു സര്‍വ്വീസ് ആരംഭിച്ചത്. എന്നാല്‍ യാത്രാദുരിതം തീരാന്‍ ഈ ഒരു സര്‍വ്വീസ് മതിയാകില്ല. കോഴിക്കോട്-തൊട്ടില്‍പാലം, കോഴിക്കോട്-കുറ്റ്യാടി റൂട്ടുകളിലേക്ക് മാത്രമായുള്ള ബസ്സുകള്‍ കൊവിഡിന് മുമ്പുള്ള സമയക്രമത്തില്‍ വീണ്ടും ഓടിച്ച് തുടങ്ങിയാലേ യാത്രാദുരിതത്തിന് പരിഹാരമാവുകയുള്ളൂ. ഇതിനായി അധികൃതര്‍ ഉടന്‍ ഇടപെടേണ്ടതുണ്ട്. ഏറെ വൈകാതെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.