കൊളാവിപ്പാലത്ത് മണ്‍വെട്ടി കൊണ്ട് തലയ്ക്ക് വെട്ടേറ്റ യുവതിയുടെ വീടിന് നേരെ ആക്രമണം; സംഭവം പൊലീസ് സംരക്ഷണം ഉള്ളപ്പോള്‍


പയ്യോളി: ഹൈക്കോടതി പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട വീടിന് നേരെ ആക്രമണം. കൊളാവിപ്പാലം കൊളാവിയില്‍ ലിഷയുടെ വീടിന് നേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആക്രമണം ഉണ്ടായത്.

കല്ലേറിൽ വീടിന്റെ പിറകുവശത്തെ ജനൽച്ചില്ലുകൾ തകർന്നു. വീട്ടുകാർ കിടക്കുന്ന മുറിയുടെ ജനലിൽ കല്ലുകൊള്ളാത്തതിനാൽ വലിയ അപകടം ഒഴിവായി.

രണ്ടരയ്ക്ക് വലിയ ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നെങ്കിലും പുതുവത്സരാഘോഷത്തിന്റെ പടക്കംപൊട്ടിക്കലാണെന്ന് കരുതി. പിന്നീട് അഞ്ചുമണിക്ക് അടുക്കളവാതിൽ തുറന്നപ്പോഴാണ് ജനൽച്ചില്ലുകൾ തകർന്നത് കാണുന്നത്. പറമ്പിൽ കുറച്ചുദൂരെയായി ചെരിപ്പ് അഴിച്ചുവെച്ച നിലയിലും കണ്ടെത്തി.

വടകര ഡി.വൈ.എസ്.പി. അബ്ദുൾ ഷരീഫ്, പയ്യോളി പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ്ബാബു എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.

നവംബർ 28-ന് പുലർച്ചെ മൂന്നുമണിക്ക് ഒരുസംഘമാളുകൾ ഇവരുടെ സ്ഥലത്ത് റോഡുവെട്ടാൻ ശ്രമിച്ചിരുന്നു. തടയാൻ ചെന്ന ലിഷയുടെ തലയ്ക്ക് മൺവെട്ടി കൊണ്ട് വെട്ടേൽക്കുകയുംചെയ്തു. ഇതേത്തുടർന്ന് ലിഷ ഹൈക്കോടതിയിൽ നൽകിയ ഹർജിപ്രകാരം കോടതി പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടു.

ഇതിനാൽ പോലീസ് നിരീക്ഷണവും പരിശോധനയും ഇവിടെ നടന്നുവരുകയാണ്. ഇതിനിടെയാണ് ശനിയാഴ്ചത്തെ ആക്രമണം. ലിഷയും അമ്മ ബേബി കമലവുമാണ് ഇവിടെ താമസം.

ലിഷയ്ക്ക് വെട്ടറ്റ കേസിൽ എഴുപ്രതികൾ റിമാൻഡിലാണ്. കഴിഞ്ഞദിവസം ഇവരെ പോലീസ് സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

എന്നാൽ, വീട് ആക്രമണവുമായി റോഡ് കമ്മിറ്റിക്ക് ബന്ധമില്ലെന്ന് കർമസമിതി ഭാരവാഹികൾ അറിയിച്ചു.