കൊല്ലത്ത് സ്ലാബിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി, പിന്നില്‍ അമ്മയും സഹോദരനും


കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ട് വര്‍ഷം മുന്‍പ് കൊന്നുകുഴിച്ചിട്ട ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. പൊലീസും ഫോറന്‍സിക് സംഘവും നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ലാബിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

തിങ്കളാഴ്ച വൈകുന്നേരം പത്തനംതിട്ട പൊലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് ഷാജി കൊല്ലപ്പെട്ടതാണെന്ന വിവരം പുറത്തറിഞ്ഞത്. ഷാജിയെ കാണാതായതല്ലെന്നും മരിച്ചതാണെന്നും വീടിനോട് ചേര്‍ന്നുള്ള കിണറിന് സമീപത്തെ കുഴിയിലാണ് മൃതദേഹം മറവുചെയ്തതെന്നുമായിരുന്നു സന്ദേശം. അമ്മയും സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജിയുടെ സഹോദരനും ഭാര്യയും അമ്മയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ കുറ്റസമ്മതം നടത്തി.