കൊല്ലം കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാര്‍ യാത്രികരായ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശ്രായിക്കാട് ആവണി ജംഗ്ഷന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്.

കരുനാഗപ്പള്ളി ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വാഹനത്തിന്റെയുള്ളില്‍ ചെറിയ സ്പാര്‍ക്ക് കണ്ടയുടനേ ഇരുവരും വേഗത്തില്‍ പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കാര്‍ പൂര്‍ണമായും കത്തിനശിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തീ പിടുത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വിപിന്റെ സുഹൃത്തിന്റെ കാറാണ് കത്തി നശിച്ചത്.