കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍ അതിമാരകം; ലോകരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു; കേരളത്തിലും ജാഗ്രത; വിശദമായി അറിയാം (വീഡിയോ കാണാം)


കോഴിക്കോട്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം (ബി.1.1.529) അതിമാരകമെന്ന് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ എന്ന് പേരിട്ട പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. കേരളത്തിലും ഒമിക്രോണിനെതിരെ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഇതിനുള്ള കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

കര്‍ശനമായ നിയന്ത്രണങ്ങളാണ് ഒമിക്രോണിനെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ്, ബോട്സ്വാന, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചു. പല രാജ്യങ്ങളും യാത്രാനിരോധനം പ്രഖ്യാപിച്ചതോടെ ആഗോള ഓഹരിവിപണിയില്‍ കടുത്ത ഇടിവുണ്ടായി.

ഡെല്‍റ്റയെക്കാള്‍ മാരകം

കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മാരകമാണ് ഒമിക്രോണ്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. വ്യാപനശേഷി ഉയര്‍ന്നതാണ് എന്നതാണ് ഇതിന് കാരണം. അതിവേഗ ഘടനാമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

നേരത്തേ കൊവിഡ്-19 അസുഖം വന്ന് രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ കഴിയുന്നതാണ് ഒമിക്രോണ്‍. ഇതിനകം തന്നെ ഒമിക്രോണ്‍ വകഭേദത്തിന് 50 ലേറെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 30 എണ്ണവും വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ് സംഭവിച്ചത്.

ആരോഗ്യമന്ത്രി ഒമിക്രോൺ വൈറസിനെ കുറിച്ച് സംസാരിക്കുന്നു:
(കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

നവംബര്‍ ഒമ്പതിന് ബോട്‌സ്വാനയിലാണ് ഒമിക്രോണ്‍ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പടരാനും ഇതിന് കഴിയുമെന്നതാണ് ആശങ്കയ്ക്ക് കാരണം. ഇതിനകം തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വ്യാപിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിലവില്‍ ലോകത്ത് ഉപയോഗിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കഴിയുമോ എന്ന പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. പഠനങ്ങള്‍ പൂര്‍ത്തിയാവാന്‍ ഏതാനും ആഴ്ചകള്‍ വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


എന്നാല്‍ ‘എല്ലാം അവസാനിച്ചു’ എന്ന മട്ടില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് ലോകത്തെ പ്രശസ്ത സാംക്രമികരോഗ വിദഗ്ധര്‍ പറയുന്നത്. നേരത്തേ കണ്ടെത്തിയതിനാല്‍ തന്നെ ഒമിക്രോണിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനും വരുതിയിലാക്കാനും കഴിയുമെന്നും അവര്‍ പറയുന്നു.

ഒമിക്രോണിനെതിരായ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവര്‍ 48 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമെ സംസ്ഥാനത്ത് എത്തിയ ശേഷം വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. കൂടാതെ നിലവിലുള്ള ക്വാറന്റൈന്‍ മാനദണ്ഡങ്ങളും പാലിക്കണം.

ഒമിക്രോൺ വകഭേദത്തെ കുറിച്ച് ഡോ. പത്മനാഭ ഷേണായി സംസാരിക്കുന്നു:
(കടപ്പാട്: മാതൃഭൂമി ന്യൂസ്)


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.