കൊയ്ത്തും, പാട്ടും, ഇടതൂര്‍ന്ന മഴയും; പൂക്കളമൊരുക്കിയ മുറ്റത്തെ മാവിന്‍ കൊമ്പത്ത് ഊഞ്ഞലാട്ടവും, ചിങ്ങപ്പുലരിയെത്തി, ഗൃഹാതുരതയുടെ പുതുവര്‍ഷം


ലയാളത്തിന്റെ പുതുവര്‍ഷാരംഭം, പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരിയെത്തി. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാര്‍ഷിക സംസ്‌കാരത്തിന്റെ ഗൃഹാതുര സ്മരണകളാണ് ചിങ്ങമാസം. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയര്‍ക്ക് ചിങ്ങം 1 കര്‍ഷക ദിനം കൂടിയാണ്.

കാര്‍ഷിക സംസ്‌കാരത്തിന്റെ അടയാളങ്ങളെവിടെയൊക്കെയോ ബാക്കിയാണ്. ഓര്‍മകളുടെ ഉമ്മറപ്പടിയില്‍ കൊയ്ത്തും പച്ചപ്പും ചിങ്ങുചിണുങ്ങി പെയ്യുന്ന മഴയും…

കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കര്‍ഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത.

ചിങ്ങമാസത്തില്‍ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാല്‍ പിന്നെ എവിടെയും പൂക്കള്‍ കൊണ്ട് നിറയും. കാര്‍മേഘങ്ങളുടേയും ഇല്ലായ്മയുടേയും മാസമായ കര്‍ക്കിടകം പടിയിറങ്ങിപ്പോയി. കോവിഡ് വ്യാപനം ലോകത്തെയാകെ നിശ്ചലമാക്കിയെങ്കിലും അതിജീവനത്തിന്റെ വെളിച്ചം തേടുകയാണ് ചിങ്ങപ്പുലരിയില്‍ മലയാളികള്‍..പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്.