കൊയിലാണ്ടിയിൽ സീനിയർ മാധ്യമ ഫോട്ടോഗ്രാഫർക്കെതിരെ പോലീസ് നടപടി, ഓഫീസ് തുറന്നെന്ന് പറഞ്ഞ് കേസെടുത്തു; കൊയിലാണ്ടി സി.ഐ ക്കെതിരെ വ്യാപക പ്രതിഷേധം


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ ഫോട്ടോഗ്രാഫർ ബൈജു എംപീസിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. സംഭവത്തിൽ ബൈജു എംപീസ് എസ്.പി.ക്ക് പരാതി കൊടുത്തതായാണ് വിവരം. കൊയിലാണ്ടി സ്റ്റേഡിയത്തിന് മുകളിൽ സ്റ്റുഡിയോയും മീഡിയാ ഓഫീസും ഒന്നിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബൈജുവിൻ്റെ ഓഫീസ്.

ഇന്ന് വൈകീട്ട് 5 മണിക്ക് ഓഫീസിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് പോലീസ് സംഘമെത്തി കേസെടുത്തത്. മാധ്യമപ്രവർത്തകനാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കേരള കോവിഡ് എപ്പിഡമിക് ആക്ട് 448/21, 269 IPC, 4 (2) (e) & (j) rlus 3 (f) പ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പ്രസ് ക്ലബ്ബും, മീഡിയാ ക്ലബ്ബും ശക്തമായി പ്രതിഷേധിച്ചു.

കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോ ഗ്രാഫറാണ് ബൈജു എംപീസ്. കൊയിലാണ്ടി പോലീസ് ഉൾപ്പെടെ മറ്റ് മേഖലയിലുള്ളവർ അടിയന്തര ഘട്ടങ്ങളിൽ ഫോട്ടോ എടുക്കാൻ ബൈജു എംപീസിൻ്റെ സേവനമാണ് ഉപയോഗിക്കാറ്. ഓരോ ദിവസവും കൊയിലാണ്ടി മോർച്ചറിയിലെത്തുന്ന ഡെഡ് ബോഡി പോസ്റ്റ് മോർട്ടം ചെയ്യുന്ന വേളയിൽ ആശുപത്രി അധികൃതരും പോലീസും ബൈജുവിൻ്റെ സേവനമാണ് വർഷങ്ങളായി ഉപയോഗിക്കാറുള്ളത്. കോവിഡ് കാലമായപ്പോൾ മോർച്ചറിയിലെത്തുന്ന ബോഡി ഇൻക്വസ്റ്റ് ചെയ്യാൻ പോലീസ് തന്നെ മടി കാണിക്കുമ്പോൾ പി.പി.ഇ. കിറ്റ് ധരിച്ച് പ്രതിഫലം പറ്റാതെയാണ് ബൈജു സേവനത്തിനിറങ്ങുന്നത്.

ഇന്നും കൊയിലാണ്ടിയിലെ പിങ്ക് പോലീസ് കോവിഡ് രോഗിയുടെ വീട്ടിൽ മരുന്നും ഭക്ഷ്യ ധാന്യ കിറ്റും എത്തിച്ച വാർത്തയും, നെല്ല്യാടിയിൽ വ്യാജ വാറ്റ് കേന്ദ്രം തകർക്കാൻ പോയ വാർത്ത ഉൾപ്പെടെ നൽകാൻ പോലീസ് ബൈജുവിൻ്റെ സഹായമാണ് തേടിയത്. തൊട്ടു പിറകെയാണ് ബൈജുവിൻ്റെ ഓഫീസിലെത്തി പോലീസ് ഇത്തരത്തിൽ പ്രവർത്തിച്ചത്.

കോവിഡ് കാലത്ത് മാധ്യപ്രവർത്തകരും മുന്നണിപ്പോരാളികളായാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അവർക്ക് യഥേഷ്ടം പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്യവും സർക്കാർ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓരോ പത്ര സമ്മേളനത്തിലും ഇത് വളരെ വ്യക്തതയോടെ പറയുന്നുമുണ്ട്. അതിനിടയിലുണ്ടായ പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.