കൊയിലാണ്ടിയിൽ സായിപ്രസാദിന്റെ ചിത്ര പ്രദർശനം
കൊയിലാണ്ടി: സാങ്കൻലി ചിത്രകലാ പ്രദർശനം കൊയിലാണ്ടിയിൽ ആരംഭിച്ചു. പ്രശസ്ത ചിത്രകാരൻ സായിപ്രസാദിൻ്റെ ഏകാംഗ ചിത്രപ്രദർശനമാണ് ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചത്. കവിയും എഴുത്തുകാരനുമായ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.
“കലയെ കുറിച്ചുള്ള പ്രതീക്ഷ” എന്ന സന്ദേശം പങ്കുവെക്കുന്ന ചിത്രപ്രദർശനം മനുഷ്യ നിർമ്മിതികൾക്കൊപ്പം, പ്രകൃതിയുടെ സഹജതയിൽ ജീവിക്കുന്ന പക്ഷിമൃഗാദികളേ കൂടി ചേർത്തുവെക്കുന്ന കോംപോസെഷൻ പെയിൻ്റിങ്ങുകൾ കൊണ്ട് ശ്രദ്ധേയമാണ്.
രേഖാചിത്ര പ്രാധാന്യത്തോടെ റിയലിസ്റ്റിക് ആർട്ടിൻ്റെ സാദ്ധ്യത തേടുമ്പോൾ അക്രലിക് വർണ്ണങ്ങളുടെ ഗാഢതയും, ബ്രഷിൻ്റെ സാധ്യതകളും ഉപയോഗിച്ചുള്ള ഇൻ്റഗ്രേറ്റഡ് സെൽവ്സ്, മൂവിങ്ങ് ഏജ് ടു, ഫ്രാഗ് മെൻസ് ഓഫ് എർത്ത്, റിസർജൻസ് എന്നീ പോസ്റ്റ് ഇംപ്രഷണിസ്റ്റ് വിഭാഗത്തിൽ പെട്ട ചിത്രങ്ങൾ കാഴ്ചക്കാരെ ആകർഷിക്കുന്നവയാണ്.
ചിത്രകൂടം ചിത്രകലാ അദ്ധ്യാപകൻ കൂടിയായ സായിപ്രസാദിൻ്റെ ദേശീയ ശ്രദ്ധ നേടിയവ ഉൾപ്പെടെ 22 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് യു.കെ.രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എൻ.വി.ബാലകൃഷ്ണൻ, ഷാജി കാവിൽ, റഹ്മാൻ കൊഴക്കല്ലൂർ, എൻ.കെ.മുരളി എന്നിവർ സംസാരിച്ചു. പ്രദർശനം മാർച്ച് 10ന് അവസാനിക്കും.