കൊയിലാണ്ടിയിൽ വെച്ച് രാത്രി ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ തുണി ചുറ്റിവലിച്ച് അപായപ്പെടുത്താൻ ശ്രമം; ഇതരസംസ്ഥാനക്കാരനായ യുവാവ് പിടിയില്‍


കൊയിലാണ്ടി: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് കൊയിലാണ്ടി ഏഴുകുടിക്കലേക്ക് ഓട്ടോ വിളിക്കുകയും വെറ്റിലപ്പാറയിൽ വെച്ച് ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ തുണിയിട്ട് വലിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാൾ കൊയിലാണ്ടി പോലീസ് പിടിയിൽ. ഒറീസ സ്വദേശി കരുണാകര ബഹറ (27) ആണ് പിടിയിലായത്.

കൊയിലാണ്ടി ഏഴുകുടിക്കൽ ബീച്ചിലാണ് താമസമെന്നും ബോട്ടിലെ ജീവനക്കാരനാണെന്നും പറഞ്ഞാണ് ഇയാൾ ഓട്ടോയിൽ കയറിയത്. കല്ലായി സ്വദേശി ഓട്ടോ ഡ്രൈവർ ഫൈസലിനെയാണ് ഇയാൾ കഴുത്തിൽ തുണി ചുറ്റി വലിച്ചത്. ഫൈസൽ കുതറിമാറിയതോടെ ഓട്ടോയിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ഡ്രൈവറും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് എത്തിയ കൊയിലാണ്ടി എസ്ഐ ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ മറ്റ് വിശദാംശങ്ങൾ അറിയൂ എന്ന് പോലീസ് പറഞ്ഞു.