കൊയിലാണ്ടിയിൽ വികസനപ്പെരുമഴ, കോരപ്പുഴപ്പാലം ഉൾപ്പെടെ അഞ്ച് പദ്ധതികൾ ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കുന്നു


കൊയിലാണ്ടി: സ്വപ്നങ്ങൾ പൂവണിയുന്നു. കോരപ്പുഴ, ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്, കോടതി കവാടം, നടേരി കുടുംബാരോഗ്യ കേന്ദ്രം, പൊയിൽകാവ് കനാൽ റോഡ്. വികസന നേട്ടങ്ങളുടെ തിളക്കവുമായി കൊയിലാണ്ടി മണ്ഡലത്തിൽ അഞ്ച് പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും.

ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് രാവിലെ 11 മണിക്ക് നാടിന് സമർപ്പിക്കും. യാത്രാ ആവശ്യത്തിനും
ജലസേചനത്തിനുമായി നിർമ്മിച്ച പദ്ധതി ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക. നബാർഡിൽ നിന്നും അനുവദിച്ച 20.18 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തികരിച്ചത്. 2016 ലാണ് പ്രവൃത്തി ആരംഭിച്ചത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ കരാർ ലഭിച്ചത്.

കൊയിലാണ്ടി നഗരസഭ നടേരി കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടം ഇന്ന് വൈകീട്ട് 3 മണിക്ക് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക. കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്.

ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ മുതുകൂറ്റിൽ ക്ഷേത്രം മുതൽ പൊയിൽകാവ് വരെയുള്ള കനാൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും. കെ.ദാസൻ എം.എൽ.എ യാണ് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് 54 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

ചരിത്രമുറങ്ങുന്ന കൊയിലാണ്ടി കോടതിക്ക് നിർമ്മിച്ച പ്രൗഡമായ കവാടവും ചുറ്റുമതിലും ഇന്ന് വൈകീട്ട് 4.30 മണിക്ക് നാടിന് സമർപ്പിക്കും. കെ.ദാസൻ എം.എൽ.എ യാണ് കവാടം ഉദ്ഘാടനം ചെയ്യുന്നത്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.

മലബാറിന്റെ ഗതാഗത ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള കോരപ്പുഴപ്പാലം പുതുമോടിയോടെ ഇന്ന് നാടിന് സമർപ്പിക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരനാണ് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 28 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 32 മീറ്റര്‍ വീതമുള്ള 7 സ്പാനുകള്‍. ആകെ നീളം 224 മീറ്റര്‍, ഇരുവശത്തും നടപ്പാതകള്‍ സഹിതം ആകെ 12 മീറ്റര്‍ വീതി. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ചത്.