കൊയിലാണ്ടിയില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം പ്രാപിച്ചത് നിരവധി പേര്‍; കടല്‍ക്ഷോഭത്തിലും പരക്കെ നാശനഷ്ടം


കൊയിലാണ്ടി: കനത്ത മഴയെതുടര്‍ന്ന് കൊയിലാണ്ടി താലൂക്കില്‍ ചേമഞ്ചേരി വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു. കടല്‍ഭിത്തിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കാപ്പാട് മുനമ്പത്ത് അഴീക്കല്‍ കണ്ണന്‍ കടവ് നിന്നും 80 കുടുംബങ്ങളിലെ 390 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ചെങ്ങോട്ടുകാവ് വില്ലേജില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കാപ്പാട് ബീച്ച് റോഡിന് കടല്‍ക്ഷോഭത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഏഴു കുടിക്കല്‍ പാലത്തിനു സമീപത്തുള്ള തകരാറിലായ സംരക്ഷണ ഭിത്തിയുടെ കേടുപാടുകള്‍ മേജര്‍ ഇറിഗേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് പരിഹരിച്ചു. രണ്ട് ക്യാമ്പുകളില്‍ അഞ്ചു കുടുംബങ്ങളിലായി 26 പേര്‍ ഉണ്ട്. ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ ജി.എല്‍.പി.എസ് മാടാക്കരയില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു സ്ത്രീയും മൂന്ന് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണുള്ളത് മാടാക്കര ദാറുസ്സലാം മദ്രസയിലെ ക്യാമ്പില്‍ നാലു കുടുംബത്തിലെ 20 അംഗങ്ങളാണുള്ളത്. ഒന്‍പത് പുരുഷന്മാരും അഞ്ച് സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്.

വിയ്യൂര്‍ വില്ലേജില്‍ രൂക്ഷമായ കടല്‍ക്ഷോഭം കാരണം കൊല്ലം പാറപ്പള്ളി ഭാഗത്തുനിന്നും ezhu?? കുടുംബത്തില്‍പ്പെട്ട 33 അംഗങ്ങളെ ശറഫുല്‍ ഇസ്ലാം മദ്രസയില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 12 സ്ത്രീകളും 11 പുരുഷന്മാരും 10 കുട്ടികളുമാണുള്ളത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര).